മലപ്പുറം: കൊടുവള്ളിയിൽ നിന്നും തട്ടിക്കൊണ്ടു പോയ അനൂസ് റോഷനെ പാർപ്പിച്ചിരിക്കുന്നത് മലപ്പുറത്തെന്ന് സൂചന. ആളൊഴിഞ്ഞ കെട്ടിടത്തിലാണ് അനൂസിനെ പാർപ്പിച്ചിരിക്കുന്നത്. യുവാവിനെ തട്ടിക്കൊണ്ടു പോയ ഏഴ് പേരും ഇപ്പോഴും കെട്ടിടത്തിലുണ്ട്. മൊബൈൽ നെറ്റ് വർക്ക് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫിയാണ് അറസ്റ്റിലായത്.
കുഴൽപ്പണ ഇടപാടാണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിരുന്നു. കിഡ്നാപ്പിംഗ് സംഘവും അനൂസിൻെറ സഹോദരൻ അജ്മലുമായി 55 ലക്ഷത്തിന്റെ ഇടപാടുണ്ടായിരുന്നു. ഗൾഫിലായിരുന്ന അജ്മൽ ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തി മുങ്ങി. ഇയാൾ ഇതുവരെ വീട്ടിൽ എത്തിയില്ലെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ ഇതുസംബന്ധിച്ച് കുടുംബം പരാതി നൽകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്.