ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തി ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഐപിഎൽ തിരക്കുകളിൽ നിന്ന് അവധിയെടുത്താണ് ഷമി മുഖ്യമന്ത്രിയെ കാണാനെത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. യോഗി ആദിത്യനാഥിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് കൂടിക്കാഴ്ചയുടെ വിവരം ഷമി അറിയിച്ചത്.
ഉത്തർപ്രദേശിന്റെയും ജനങ്ങളുടെയും പുരോഗതിയെ കുറിച്ച് മുഖ്യമന്ത്രിയുമായി സംസാരിച്ചെന്ന് ഷമി എക്സിൽ കുറിച്ചു. “സുസ്ഥിര വികസനത്തിനും സാമൂഹിക പുരോഗതിക്കും ഊന്നൽ നൽകിക്കൊണ്ട്
ഒരു രൂപരേഖ തയാറാക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സംസാരിച്ചു. സമൂഹത്തെ ശാക്തീകരിക്കുന്നതിനുള്ള പ്രതിബദ്ധത ഇതിലൂടെ വ്യക്തമാണ്. ഉത്തർപ്രദേശിന്റെ നല്ല ഭാവിയിക്ക് വേണ്ടിയുള്ള യാത്രയിൽ പങ്കാളിയാകാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരുമിച്ച് അത് യാഥാർത്ഥ്യമാക്കാം”- ഷമി കുറിച്ചു.
Today, I had the esteemed opportunity to meet with Uttar Pradesh Chief Minister Shri @myogiadityanath Our discussions were rich with insights focused on vision, leadership, and the transformative possibilities for our state. The CM articulated a compelling roadmap for growth,… pic.twitter.com/rEgu4hKDNf
— 𝕸𝖔𝖍𝖆𝖒𝖒𝖆𝖉 𝖘𝖍𝖆𝖒𝖎 (@MdShami11) May 19, 2025
ക്രിക്കറ്റ് കരിയർ അവസാനിപ്പിച്ച് ഷമി രാഷ്‌ട്രീയത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്ന തരത്തിൽ വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഷമി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ സന്ദർശിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ ഷമി നിലവിൽ പശ്ചിമബംഗാളിലാണ് താമസിക്കുന്നത്. ഷമിയുടെ നാടായ അംറോഹയിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചർച്ചകൾ നടന്നുവരികയാണ്.