വിജയ്‌യുടെ അവസാന ചിത്രമെന്ന് പ്രഖ്യാപിച്ച ജനനായകനും റീമേക്കെന്ന് സൂചന. 2023 ൽ പുറത്തിറങ്ങിയ നന്ദമൂരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം ഭഗവന്ദ് കേസരിയുടെ ഔദ്യോഗിക റീമേക്കാണ് ചിത്രമെന്നാണ് നിലവിൽ പുറത്തുവരുന്ന വിവരം. നാലര കോടി രൂപയ്‌ക്കാണ് ജനനായകൻ ടീം ബാലയ്യ ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങിയതെന്നാണ് സൂചന.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാസങ്ങളായി പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തിൽ റീമേക്ക് അഭ്യൂഹം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ അത് ഏറെക്കുറെ ഉറപ്പിക്കുന്നതാണ് റൈറ്റ്സ് വാങ്ങിയ വിവരം സൂചിപ്പിക്കുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ഭഗവന്ദ് കേസരി അനിൽ രവിപുഡിയാണ് സംവിധാനം ചെയ്തത്. ബോക്സോഫീസിൽ ഹിറ്റായ ചിത്രം 130 കോടി നേടിയിരുന്നു. മുൻ പൊലീസ് ഓഫീസറായിരുന്നു ചിത്രത്തിലെ ബാലകൃഷ്ണയുടെ കഥാപാത്രം.
വിജയ് ചിത്രത്തിലേക്ക് വരുമ്പോൾ കാതലായ മാങ്ങളൊന്നും സംഭവിക്കാൻ പോകുന്നില്ല. പൂജ ഹെഗ്ഡെയാണ് നായിക. ബോബി ഡിയോൾ ആണ് പ്രതിനായകനാകുന്നത്. മലയാളി താരം മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് എന്നിവരും അണിനിരക്കുന്നു. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നൽകുന്നത്. സത്യൻ സൂര്യനാണ് ഛായഗ്രാഹണം. അനൽ അരസുവാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിർവഹിക്കുന്നത്.