മോഷണക്കുറ്റം ചുമത്തി ദളിത് യുവതിയെ മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ സർക്കാരിനെതിരെ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വിമർശനം. സിപിഎമ്മിന്റെ വിപ്ലവഗാനം പാരഡി രൂപേണ പാടിയാണ് സർക്കാരിനെ പരിഹസിച്ചത്. പുഷ്പനെ അറിയാമോ എന്ന വരികൾക്ക് പകരം അട്ടപ്പാടിയിൽ ആൾക്കൂട്ട മർദ്ദനത്തിൽ കൊല്ലപ്പെട്ട മധുവിനെയും പേരുർക്കട പൊലീസ് അപമാനിച്ച ബിന്ദുവിന്റെയും പേരുകൾ ഉൾപ്പെടുത്തിയായിരുന്നു ഗാനം.
“വയറ് വിശന്നപ്പോൾ ആഹാരം കഴിച്ചതിന് അടിച്ച് കൊന്ന മധുവിനെ അറിയാമോ, മാല കട്ടെന്ന് കള്ള പരാതിയിൽ പൊലീസ് സ്റ്റേഷനിൽ കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട ബിന്ദുവിനെ അറിയാമോ” എന്നും ഹരീഷ് പേരടി വീഡിയോയിൽ പറയുന്നു. സർക്കാരിന്റെ വാർഷിക ആഘോഷത്തെയും റാപ്പർ വേടന് വേദിയൊരുക്കുന്നതിനെയും ഹരീഷ് പേരടി പാരഡി ഗാനത്തിലൂടെ വിമർശിക്കുന്നുണ്ട്. ‘ശങ്കരാടി സാർ പറഞ്ഞത് പോലെ ഇച്ചിരി ഉളുപ്പ് എന്ന വാക്കുകൾ’ ആവർത്തിച്ച് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്.
വ്യാജ പരാതിയിൽ മേൽ കസ്റ്റഡിയിലെടുത്ത ആനാട് സ്വദേശിനി ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ചതിന് പേരുർക്കട പൊലീസ് സ്റ്റേഷനിലെ എസ്ഐ പ്രസാദിനെ സസ്പെൻഡ് ചെയ്തിരുന്നു. ബിന്ദു നൽകിയ പരാതിയെ തുടർന്ന് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവർക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.















