തലപ്പാറ: മലപ്പുറത്ത് കൂരിയാടിന് പിന്നാലെ തലപ്പാറയിലും ദേശീയപാതയിൽ വിള്ളൽ. മണ്ണിട്ട് ഉയർത്തിയ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയത്. തുടർന്ന് ഈ വഴിയുള്ള ഗതാഗതം നിരോധിച്ചു. നിർമാണം പൂർത്തിയായി ഏതാനും നാളുകൾക്കുള്ളിലാണ് റോഡിൽ വിള്ളൽ രൂപപ്പെട്ടത്.
മഴ കൂടുതൽ ശക്‌തി പ്രാപിക്കുമ്പോൾ റോഡിന്റെ സ്‌ഥിതി ഇതിലും മോശമായിരിക്കുമെന്ന ആശങ്കയിലാണ് യാത്രക്കാരും പ്രദേശവാസികളും. ഇന്നലെ കൂരിയാട് ദേശീയപാത 66ന്റെ മതിലും സർവീസ് റോഡും ഇടിഞ്ഞുവീണിരുന്നു. കോഴിക്കോട് നിന്ന് തൃശൂർ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം സ്‌തംഭിച്ചിരുന്നു.
രണ്ട് കാറുകൾക്ക് മുകളിലേക്കാണ് മണ്ണും കോൺക്രീറ്റ് കട്ടകളും ഇടിഞ്ഞു വീണത്. കാറുകളിൽ ഉണ്ടായിരുന്ന നാലുപേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് നിസാരമായി പരിക്കേറ്റു. ഈ വഴിയുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുകയായിരുന്നു
കൂരിയാട് വയൽ നികത്തിയാണ് സർവീസ് റോഡ് നിർമിച്ചത്.















