ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷങ്ങൾക്ക് പിന്നാലെ തുർക്കിയിലേക്കും അസർബൈജാനിലേക്കുമുള്ള ഇന്ത്യക്കാരുടെ വിസ അപേക്ഷകൾ പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ടുകൾ. വിസ പ്രോസസ്സിംഗ് പ്ലാറ്റ്‌ഫോമായ Atlys നൽകിയ ഡാറ്റ പ്രകാരം, വെറും 36 മണിക്കൂറിനുള്ളിൽ, തുർക്കിയിലേക്കുള്ള വിസ അപേക്ഷാ പ്രക്രിയയിൽ നിന്ന് പിന്മാറിയ ഉപയോക്താക്കളുടെ എണ്ണം 60 ശതമാനം വർദ്ധിച്ചു.
ഡൽഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ തുർക്കി യാത്രാ അപേക്ഷകളിൽ 53 ശതമാനം കുറവ് രേഖപ്പെടുത്തി, അതേസമയം ഇൻഡോർ, ജയ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നുള്ളവരുടെ എണ്ണത്തിൽ 20 ശതമാനം കുറവ് വന്നു. ഇന്ത്യക്കൊപ്പം നിന്നുകൊണ്ടും ദേശീയ വികാരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടും തുർക്കിയ്‌ക്കും അസർബൈജാനുമുള്ള എല്ലാ വിപണന ശ്രമങ്ങളും തങ്ങൾ നിർത്തിവച്ചതായി അറ്റ്ലിസിന്റെ സ്ഥാപകനും സിഇഒയുമായ മോഹക് നഹ്ത പറഞ്ഞു.
കുടുംബ യാത്രകൾ ഉൾപ്പെടെയുള്ള ഗ്രൂപ്പ് വിസ അപേക്ഷകൾ ഏകദേശം 49 ശതമാനം കുറഞ്ഞു. അതേസമയം സോളോ, കപ്പിൾ വിസ അപേക്ഷകളിൽ 27 ശതമാനം കുറവ് രേഖപ്പെടുത്തി. തുർക്കിയിലേക്കുള്ള വിസയുടെ അപേക്ഷാ പ്രക്രിയ പകുതി വഴിയിൽ ഉപേക്ഷിച്ചതിൽ കൂടുതലും 25 നും 34 നും ഇടയിൽ പ്രായമുള്ള യാത്രക്കാരാണെന്നും Atlys ഡാറ്റ വെളിപ്പെടുത്തി.
പഹൽഗാം ഭീകരാക്രമണത്തിന് ശേഷവും ഇരു രാജ്യങ്ങളും പാകിസ്താന് പരസ്യമായി പിന്തുണ അറിയിച്ചതോടെയാണ് ഇന്ത്യയിൽ ഈ രാജ്യങ്ങളുടെ നിലപടുകൾക്കെതിരെ ജനരോഷം ശക്തമായത്. വിനോദ സഞ്ചാരമേഖലയിലടക്കം ഇത് പ്രതിഫലിച്ചു. തുർക്കിയിലേക്കുള്ള ഇന്ത്യൻ യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചു. തുർക്കി, അസർബൈജാൻ ഉത്പന്നങ്ങൾക്കും കമ്പനികൾക്കും സേവനങ്ങൾക്കും സർക്കാർ ബഹിഷ്കരണമേർപ്പെടുത്തി.