കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിലെ കോല്ലപ്പണിക്കാരൻ നിധീഷ് ബാബുവിന്റെ കൊലപാതകത്തിൽ പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. രണ്ടാം പ്രതി രതീഷ് പോലീസിന്റെ കസ്റ്റഡിയിലായി. ഒന്നാം പ്രതി ബിജേഷിനായി തിരച്ചിൽ തുടരുന്നു.
കൊലപാതക കാരണം സാമ്പത്തിക തർക്കത്തെ തുടർന്നുണ്ടായ പ്രകോപനമെന്ന് പൊലീസ് പറയുന്നു. പ്രതികൾ എന്ന് കണ്ടെത്തിയ ഇരുവരും കൊല്ലപ്പെട്ട നിധീഷുമായി നേരത്തെ പരിചയമുള്ളവരാണ്. സംസാരത്തിനിടെ പ്രകോപനം ഉണ്ടായി നിധീഷിന്റെ ആലയിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് വെട്ടി എന്നാണ് നിഗമനം. നിധീഷിന്റെ തലയ്‌ക്കു പിന്നിൽ ഏറ്റ വെട്ടാണ് മരണകാരണം.
ഇന്നലെ 12 മണിയോടെയാണ് കാഞ്ഞിരക്കൊല്ലിയിലെ വീട്ടിലെത്തി നിധീഷിനെ രണ്ടംഗസംഘം വെട്ടിക്കൊന്നത്. ഭാര്യ ശ്രുതിക്കും പരിക്കേറ്റിരുന്നു.കത്തിയെടുക്കുന്നതു കണ്ടു തടയാൻ ശ്രമിക്കുമ്പോഴാണു ശ്രുതിക്കു വെട്ടേറ്റത്. ശ്രുതിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും നിധീഷ് മരിച്ചു. പ്രതികൾ ബൈക്കിൽ സ്ഥലംവിട്ടു.