ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസ് മത്സരം മഴ കാരണം ഉപേക്ഷിച്ചാൽ ആരാകും പ്ലേ ഓഫിലേക്ക് മുന്നേറുക? പ്ലേ ഓഫിന് മുന്നേയുള്ള പ്ലേ ഓഫ് എന്നാണ് മുംബൈ-ഡൽഹി മത്സരം വിലയിരുത്തപ്പെടുന്നത്. മുംബൈയിലെ വാങ്കഡെയിലാണ് ഏവരും കാത്തിരിക്കുന്ന മത്സരം. മുംബൈ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇന്ന് വൈകിട്ട് മഴ പ്രവചിക്കപ്പെടുന്നുണ്ട്.
മത്സരം ഉപേക്ഷിച്ചാൽ ഓരോ പോയിന്റുകൾ വീതം വയ്‌ക്കും. എന്നാൽ അപ്പോഴും മുംബൈക്ക് ഡൽഹിയേക്കാൾ ഒരു പോയിന്റ് കൂടുതലായിരിക്കും. നിലവിൽ മുംബൈക്ക് താഴെ അഞ്ചാം സ്ഥാനത്താണ് ഡൽഹി. 12 മത്സരത്തിൽ നിന്ന് 13 പോയിന്റാണുള്ളത്. മത്സരം ഉപേക്ഷിച്ചാൽ ആരാണോ പഞ്ചാബിനെതിരെ അവസാന ലീഗ് മത്സരത്തിൽ ജയിക്കുന്നത് അവർ പ്ലേ ഓഫിന് യോഗ്യത നേടും. അതേസമയം മുംബൈ ഇന്ന് ഡൽഹിയെ തോൽപ്പിച്ചാൽ അവർ 16 പോയിന്റുമായി പ്ലേ ഓഫിലെത്തും. ഡൽഹി പഞ്ചാബിനെ പരാജയപ്പെടുത്തിയാലും കാര്യമില്ല എന്ന് സാരം.
അതേസമയം ഡൽഹി മുംബൈയെ പരാജയപ്പെടുത്തിയാൽ അവർക്ക് മുംബൈയെക്കാൾ ഒരു പോയിന്റ് കൂടുതലാകും. പക്ഷേ യോഗ്യത ഉറപ്പാക്കണമെങ്കിൽ പഞ്ചാബിനെ തോൽപ്പിക്കണം. ഇനി തോറ്റാലും പഞ്ചാബ് മുംബൈ തോൽപ്പിച്ചാൽ ഡൽഹിക്ക് പ്ലേ ഓഫിലെ വാതിൽ തുറക്കും. അതേസമയം 36 തവണ നേർക്കുനേർ വന്നപ്പോൾ ഡൽഹി ജയിച്ചത് 16 തവണ, മുംബൈ 20 തവണയും. അവസാന അഞ്ചുമത്സരത്തിൽ നാലിലും ജയം മുംബൈക്കൊപ്പം.