ബലൂചിസ്ഥാനിലെ സ്കൂൾ ബസ് ആക്രമണം; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ; “ശ്രദ്ധ തിരിക്കാനുള്ള തന്ത്ര”മെന്ന് വിദേശകാര്യ വക്താവ്

Published by
Janam Web Desk

ന്യൂഡൽഹി: ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ സ്കൂൾ ബസിനുനേരെയുണ്ടായ ചാവേർ ആക്രമണത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സ്വന്തം രാജ്യത്തെ പ്രശ്‍നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള പാകിസ്താന്റെ തന്ത്രമാണിതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

ബലൂചിസ്ഥാനിലെ ഖുസ്ദാർ നഗരത്തിൽ ബുധനാഴ്ച രാവിലെയാണ് സ്കൂൾ ബസിന് നേരെ ചാവേർ ആക്രമണമുണ്ടായത്. ആർമി പബ്ലിക് സ്കൂളിലേക്ക് പോകുകയായിരുന്ന ബസിലേക്ക് ഒരു വാഹനം ഇടിച്ചുകയറി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ സ്കൂൾ ബസിലുണ്ടായിരുന്ന നാല്‌ കുട്ടികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ജീവൻ നഷ്‌ടമായ കുഞ്ഞുങ്ങൾക്ക് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി.

“ഖുസ്ദാറിൽ ഇന്ന് രാവിലെ നടന്ന സംഭവത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്ന പാകിസ്താൻ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഇന്ത്യ നിരസിക്കുന്നു. ഇത്തരം സംഭവങ്ങളിലെല്ലാം ഉണ്ടായ ജീവഹാനിയിൽ ഇന്ത്യ അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരതയുടെ ആഗോള പ്രഭവകേന്ദ്രമെന്ന ഖ്യാതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനും സ്വന്തം രാജ്യത്തെ പ്രശ്‍നങ്ങൾ നേരിടുന്നതിലെ പരാജയങ്ങൾ മറച്ചുവെക്കാനും, തങ്ങളുടെ എല്ലാ ആഭ്യന്തര പ്രശ്‌നങ്ങൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് പാകിസ്താന്റെ സ്വഭാവമായി മാറിയിരിക്കുന്നു,” ലോകത്തെ കബളിപ്പിക്കാനുള്ള ഈ ശ്രമം പരാജയപ്പെടുമെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.

വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് സ്ഫോടകവസ്തു ഉപയോഗിച്ചാണ് സ്കൂൾ ബസിനെ ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നത്. ദീർഘകാലമായി കലാപവും രാഷ്‌ട്രീയ അസ്വസ്ഥതയും നിറഞ്ഞ ബലൂചിസ്ഥാനിൽ നടന്നുകൊണ്ടിരിക്കുന്ന നിരവധി അക്രമ സംഭവങ്ങളിൽ ഏറ്റവും പുതിയതാണ് ഈ ആക്രമണം

Share
Leave a Comment