വാഷിംഗ്ടൺ: യുഎസിലെ ഇസ്രായേൽ എംബസിയിലുള്ള രണ്ട് ഉദ്യോഗസ്ഥർ വെടിയേറ്റ് കൊല്ലപ്പെട്ടു. വാഷിംഗ്ടണിൽ ഒരു ജൂതമത സമ്മേളനം നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. നോർട്ട് വെസ്റ്റ് വാഷിംഗ്ടൺ ഡിസിയിലെ തേർഡ് ആൻഡ് എഫ് സ്ട്രീറ്റുകൾക്ക് സമീപത്താണ് സംഭവം. എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥരായ സ്ത്രീയ്‌ക്കും പുരുഷനുമാണ് വെടിയേറ്റത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പ്രതിയെ പിടികൂടി. പാലസ്തീൻ പൗരനായ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്.
‘ഫ്രീ പാലസ്തീൻ’ എന്ന് പ്രതി ആവർത്തിച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചിക്കാഗോയിൽ നിന്നെത്തിയ യുവാവ് പരിപാടി നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ച് കടക്കുകയും പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് നേരെ വെടിയുർക്കുകയുമായിരുന്നു.
ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും സംഭവത്തെ അപലപിച്ചു. ഭീകരതയ്‌ക്കെതിരെ യുഎസും ഇസ്രായേലും ഒറ്റക്കെട്ടായി നിൽക്കുമെന്നും ഭീകരപ്രവർത്തനങ്ങൾക്ക് തങ്ങളെ തളർത്താൻ സാധിക്കില്ലെന്നും നേതാക്കൾ അറിയിച്ചു.
ഭീകരത അവസാനിപ്പിക്കണമെന്നും ഭീകരതയ്‌ക്ക് രാജ്യത്ത് സ്ഥാനമില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കി. വെടിവയ്പ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പിന്നിൽ പ്രവർത്തിച്ച അക്രമിയെയും കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.