മലപ്പുറം: നാല് ദിവസം മുമ്പ് കൊടുവളളിയിലെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയ യുവാവിനെ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടിയിൽ നിന്നാണ് അനൂസ് റോഷനെ കണ്ടെത്തിയത്. കിഡ്നാപ്പിംഗ് സംഘം യുവാവിനെ റോഡിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് വിവരം. പരപ്പനങ്ങാടിയിലെ ക്വട്ടേഷൻ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിനിടെയാണ് യുവാവിനെ കണ്ടെത്തിയത്. അൽപ്പസമയത്തിനകം യുവാവിനെ കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ എത്തിക്കും. പിന്നാലെ അനൂസ് റോഷനിൽ നിന്നും പൊലീസ് വിശദമായി മൊഴിയെടുക്കും.
അനൂസ് റോഷന്റെ സഹോദരുമായി ബന്ധപ്പെട്ട കുഴൽപ്പണ ഇടപാടാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കിഡ്നാപ്പിംഗ് സംഘവും അനൂസിൻെറ സഹോദരൻ അജ്മലുമായി 55 ലക്ഷത്തിന്റെ ഇടപാടുണ്ടായിരുന്നു. ഗൾഫിലായിരുന്ന അജ്മൽ ഒന്നര മാസം മുമ്പാണ് നാട്ടിൽ എത്തി മുങ്ങി. ഇയാൾ ഇതുവരെ വീട്ടിൽ എത്തിയില്ലെന്നാണ് കുടുംബം പറഞ്ഞത്. എന്നാൽ ഇതുസംബന്ധിച്ച് കുടുംബം പരാതി നൽകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നുണ്ട്. അനൂസ് റോഷനിൽ നിന്നും ഇതിനെല്ലാം ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.