കഴിഞ്ഞ ദിവസം വാങ്കഡെയിൽ നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ അധികമാർക്കുമറിയാത്ത ഒരു നിയമം ലംഘിച്ചതിനെത്തുടർന്ന് മുംബൈക്ക് അമ്പയറുടെ ‘നോ-ബോൾ’ ശിക്ഷ ലഭിച്ചു. മുംബൈയുടെ വിൽ ജാക്ക്‌സ് എറിഞ്ഞ അഞ്ചാം ഓവറിലായിരുന്നു സംഭവം. ഡൽഹി ബാറ്റർ വിപ്രജ് നിഗമായിരുന്നു ക്രീസിൽ. വിപ്രജ് നേരിട്ട മൂന്നാം പന്ത് അമ്പയർ നോ-ബോൾ വിളിക്കുകയായിരുന്നു.
ഇതിൽ അമ്പരന്ന മുംബൈ ക്യാപ്റ്റ ൻ ഹാർദിക് പാണ്ഡ്യയും സഹതാരങ്ങളും അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്തു. മുംബൈ ടീമിനായി ഓഫ് സൈഡിൽ മൂന്ന് ഫീൽഡർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു തീരുമാനത്തിന് പിന്നിലെ കാരണം. എന്നാൽ സെക്ഷൻ 28.4.1 ലെ ഔദ്യോഗിക ഐപിഎൽ മാച്ച് പ്ലേയിംഗ് കണ്ടീഷനുകൾ അനുസരിച്ച്, പന്തെറിയുന്ന സമയത്ത് ഓൺ-സൈഡിൽ അഞ്ച് ഫീൽഡർമാരിൽ കൂടുതൽ ഉണ്ടാകരുത് എന്നാണ് നിയമം.
അതേസമയം സ്വന്തം തട്ടകത്തിൽ ഡൽഹി കാപിറ്റൽസിനെ 59 റൺസിന് തകർത്ത് മുംബൈ തങ്ങളുടെ നാലാം പ്ലേ ഓഫ് ബെർത്ത് ഉറപ്പിച്ചു. പവർ പ്ലേയിൽ ടോപ് ഓർഡർ തകർന്ന ബാറ്റിംഗ് നിരയെ സൂര്യകുമാറും നമൻ ധീറും ചേർന്ന് കരകയറ്റി സ്കോർ 180 ലെത്തിച്ചു. പ്രതികൂല സാഹചര്യത്തിൽ 43 പന്തിൽ ഏഴ് ഫോറുകളും നാല് സിക്സറുകളും പറത്തി പുറത്താകാതെ 73 റൺസെടുത്ത സൂര്യകുമാറിന്റെ മാസ്റ്റർക്ലാസ് ആധിപത്യ വിജയത്തിന് വഴിയൊരുക്കി.
181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി ക്യാപിറ്റൽസ് 18.2 ഓവറിൽ 121 റൺസിന് പുറത്തതായി. ബൗളർമാരിൽ മിച്ചൽ സാന്റ്നറും (11-3) ജസ്പ്രീത് ബുമ്രയും (1 -3 ) മുംബൈക്കായി തിളങ്ങി.