മലക്കപ്പാറ (തൃശ്ശൂർ): മലക്കപ്പാറയിൽ വീണ്ടും കാട്ടാന ആക്രമണം. ഒരു സ്ത്രീ കൊല്ലപ്പെട്ടു . മലക്കപ്പാറ തമിഴ്‌നാട് ചെക്ക് പോസ്റ്റ് സമീപം താമസിക്കുന്ന മേരി (75) ആണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. മേരിയും മകളും വീടിനുള്ളില്‍ കിടന്നുറങ്ങുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് മേരിയും മകളും വീട്ടില്‍നിന്ന് ഇറങ്ങി ഓടി. കാട്ടാന ഇവരെ പിന്തുടര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കേരള ചെക്ക്‌പോസ്റ്റില്‍ നിന്ന് 100 മീറ്റര്‍ അകലെ വാല്‍പ്പാറ അതിര്‍ത്തിയിലാണ് സംഭവം.തമിഴ്‌നാട് പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പൊള്ളാച്ചി ആശുപത്രിയിലേക്ക് മാറ്റും.
മലക്കപ്പാറയില്‍ ഒരു മാസം മുമ്പും കാട്ടാന ഒരാളെ കൊലപ്പെടുത്തിയിരുന്നു. അടിച്ചില്‍തൊട്ടി ഊരിലെ സെബാസ്റ്റ്യന്‍ (20) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു.
വനത്തിൽ നിന്നും തേൻ ശേഖരിക്കാൻ സുഹൃത്തുക്കളുമൊന്നിച്ച് പോകുമ്പോഴാണ് സംഭവം. കാടിനുള്ളിൽ നിൽക്കുന്ന ആനകളെ ഇവർ കണ്ടില്ല. ആനകളുടെ മുന്നിൽ നിന്ന് ഓടി മാറാൻ ശ്രമിച്ചെങ്കിലും സെബാസ്റ്റ്യനെ ആന ആക്രമിക്കുകയായിരുന്നു. രക്ഷപെടുത്താൻ ശ്രമിച്ച കൂട്ടുകാരെയും ആന ആക്രമിക്കാൻ ശ്രമിച്ചു. വളരെ ഗുരുതരമായി പരിക്കേറ്റ സെബാസ്റ്റ്യൻ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയായിരുന്നു.
Leave a Comment