ന്യൂഡൽഹി: പഹൽഗാം ആക്രമണം പോലെ മറ്റൊരു ഭീകരാക്രമണം ഇന്ഡിക്ക് നേരെ ഉണ്ടാകാൻ അനുവദിക്കില്ലെന്നും അതിനാൽ ഓപ്പറേഷൻ സിന്ദൂർ തുടരുകതന്നെ ചെയ്യുമെന്നും ആവർത്തിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. അതിർത്തി കടന്നുള്ള ഭീകരതയെ നേരിടുന്നതിനുള്ള ഇന്ത്യയുടെ പുതിയ സമീപനമാണിതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ ഹോണ്ടുറാസ് എംബസിയുടെ ഉദ്ഘാടന വേളയിൽ ഡച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ എൻഒഎസിനു നൽകിയ അഭിമുഖത്തിലാണ് വിദേശകാര്യ മന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.
“ഏപ്രിൽ 22 ന് നമ്മൾ കണ്ടതുപോലുള്ള ആക്രമണങ്ങൾ ഉണ്ടായാൽ, തീവ്രവാദികളെ ആക്രമിക്കുമെന്ന വ്യക്തമായ സന്ദേശം ആ ഓപ്പറേഷനിൽ ഉള്ളതിനാൽ ഓപ്പറേഷൻ സിന്ദൂര തുടരുന്നു. ഭീകരർ പാകിസ്താനിലാണെങ്കിൽ, അവർ എവിടെയാണോ അവിടെ വെച്ച് ഞങ്ങൾ അവരെ ആക്രമിക്കും. അതിനാൽ, ഓപ്പറേഷൻ തുടരുന്നതിൽ ഒരു സന്ദേശമുണ്ട്,”ജയശങ്കർ പറഞ്ഞു.
പാകിസ്താൻ നേതൃത്വത്തെ, പ്രത്യേകിച്ച് കരസേനാ മേധാവി ജനറൽ അസിം മുനീറിനെ, തീവ്രമായ മതപരമായ വീക്ഷണങ്ങൾ ആണ് നയിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ആരോപിച്ചു. പഹൽഗാം ആക്രമണത്തിന് ഒരാഴ്ച മുമ്പ് പാകിസ്താൻ സൈനിക മേധാവി ദ്വിരാഷ്‌ട്ര സിദ്ധാന്തത്തെക്കുറിച്ച് നടത്തിയ പരാമർശങ്ങളേയും അദ്ദേഹം ചൂണ്ടിക്കാട്ടി.
കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന ആശ്രയമായ ടൂറിസത്തെ തകർക്കാനും “മതപരമായ ഭിന്നത സൃഷ്ടിക്കാനും” ലക്ഷ്യമിട്ടായിരുന്നു പഹൽഗാ ആക്രമണമെന്ന് ജയ്ശങ്കർ പറഞ്ഞു. പാകിസ്താൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) യുടെ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് നടത്തിയ പഹൽഗാം ആക്രമണത്തോട് പ്രതികരിക്കാതിരിക്കുക എന്നത് ഇന്ത്യൻ സർക്കാരിന് അസാധ്യമാണെന്ന് ജയ്ശങ്കർ പറഞ്ഞു. അതേസമയം പാകിസ്താനുമായുള്ള വെടിനിർത്തൽ ധാരണയിലോ ചർച്ചകളിലോ അമേരിക്കയുടെ പങ്കിനെ അദ്ദേഹം തള്ളിക്കളഞ്ഞു.