മലപ്പുറം: കൂരിയാട് ദേശീയപാതാ വിള്ളലിൽ കടുത്ത നടപടിയുമായി കേന്ദ്രം. കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷനെ കേന്ദ്രസർക്കാർ ഡിബാർ ചെയ്തു. കേന്ദ്രസർക്കാർ കരാറുകളിൽ കമ്പനിക്ക് ഇനി പങ്കെടുക്കാനാകില്ല. കൺസൾട്ടൻ്റായ ഹൈവേ എഞ്ചിനീയറിംഗ് കമ്പനിക്കും വിലക്കേപ്പെടുത്തി. പ്രൊജക്റ്റ് മാനേജറായ എം. അമർനാഥ് റെഡ്ഡി, കൺസൾട്ടിംഗ് ഹെഡ് രാജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തു.കേന്ദ്ര ഉപരിഗതഗത മന്ത്രാലത്തിന്റേതാണ് നടപടി.
കഴിഞ്ഞ ദിവസം ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം നടപടി സ്വീകരിച്ചത്. കമ്പനി നിർമ്മിച്ച മറ്റ് റീച്ചുകളിലെ സ്ഥിതി സംഘം പരിശോധിക്കും. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണത്തിന് ഡൽഹി ഐഐടി പ്രൊഫ. ജി. വി റാവുവിനെ മന്ത്രാലയം ചുമതലപ്പെടുത്തി.
കേരളത്തിലെ ദേശീയപാത നിർമാണത്തിന് മാർഗനിർദ്ദേശം പുതുക്കാനും മന്ത്രാലയം തീരുമാനിച്ചു. കൂരിയാട് ദേശീയപാതായുടെ അറ്റക്കുറ്റപ്പണിക്കുള്ള മുഴുവൻ തുകയും കരാർ കമ്പനി തന്നെ വഹിക്കണം. കേരളത്തിലെ മുഴുവൻ ദേശീയ പാതയുടെ ഗുണനിലവാരവും പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും കേന്ദ്രസർക്കാർ ഉറപ്പ് നൽകി.