തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ രാഷ്‌ട്രീയവൽക്കരണം അവസാനിപ്പിക്കുക, സർവകലാശാലകളെ വരുതിയിലാക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കുക, സർവകലാശാലകളുടെ സ്വതന്ത്ര പദവി നിലനിർത്തുക, ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ അമിതാധികാര ദുർവിനിയോഗം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരളത്തിലെ സർവകലാശാലകളിലെ സിൻഡിക്കേറ്റ് അംഗങ്ങളും, സെനറ്റ് അംഗങ്ങളും 23 05 2025 വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ ധർണ്ണ നടത്തും. മുൻ ഡി ജി പി, ശ്രീ. ടി പി സെൻകുമാർ രാവിലെ 11 മണിക്ക് ധർണ്ണ ഉദ്ഘാടനം ചെയ്യും.
“സർവകലാശാലാ നിയമ ഭേദഗതി ബിൽ നിയമമാകുന്നതോടെ ചാൻസലറിൽ നിക്ഷിപ്തമായ അധികാരാവകാശങ്ങൾ ഏറെക്കുറെ പ്രോ ചാൻസലറായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ലഭ്യമാകും. വൈസ് ചാൻസലറുടെ അധികാരത്തിന് തുല്യമായി രജിസ്ട്രാറും മാറും. സർക്കാരിന്റെ ഭാഗമായ ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും സിൻഡിക്കേറ്റ് നിയോഗിക്കുന്ന രജിസ്ട്രാർക്കും സർവകലാശാലയുടെ ഭരണാധികാരം നൽകുകയാണ് ഈ ബില്ലിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. സർവകലാശാലകളിൽ കേന്ദ്ര സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും വിമർശിക്കുന്നതിന് അധ്യാപകർക്ക് നിയന്ത്രണമേർത്താൻ ബില്ലിൽ വ്യവസ്ഥയില്ലെങ്കിലും സംസ്ഥാന സർക്കാരിന്റെ നയങ്ങളെയും പരിപാടികളെയും വിമർശിക്കുന്നതിൽ നിന്ന് കർശനമായി വിലക്കുന്നു”. സിൻഡിക്കേറ്റ് – സെനറ്റ് അംഗങ്ങൾ ആരോപിച്ചു.