സൗബിന് തിരിച്ചടി, മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരും; കേസ് റദ്ദാക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

Published by
Janam Web Desk

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരെയുള്ള അന്വേഷണം തുടരുമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടനും നിർമാതാവുമായ സൗബിൻ ഷാഹിർ ഉൾപ്പെടെ ചിത്രത്തിലെ നിർമാതാക്കൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അന്വേഷണം തുടരാമെന്നും ഈ ഘട്ടത്തിൽ കേസ് റദ്ദാക്കാൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

സിനിമയുടെ നിർമാണത്തിന് ഏഴ് കോടി രൂപ വാങ്ങിയ ശേഷം വഞ്ചിച്ചെന്ന ആലപ്പുഴ സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പണം വാങ്ങിയ ശേഷം മുടക്കുമതലോ, ലാഭമോ നൽകിയില്ലെന്നാണ് പരാതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയത്.

ഹർജിക്കാരനായ ആലപ്പുഴ സ്വദേശി ഹമീദ് കൃത്യസമയത്ത് പണം നൽകിയില്ലെന്നും അതിനാൽ ഷൂട്ട് മുടങ്ങുകയും നഷ്ടമുണ്ടാവുകയും ചെയ്തെന്ന് നിർമാതാക്കൾ വാദിച്ചു. പിന്നീട് മരട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നിർമാതാക്കൾ ഹമീദിനെ അറിഞ്ഞുകൊണ്ട് വഞ്ചിച്ചതാണെന്ന് കണ്ടെത്തി. ഇതിന്റെ റിപ്പോർട്ടും പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതാണ് നിർമാതാക്കൾക്ക് തിരിച്ചടിയായത്

Share
Leave a Comment