കൊച്ചി: രാജ്യത്തെ പ്രമുഖ ഫോട്ടോഗ്രാഫറും നടനുമായ രാധാകൃഷ്‌ണൻ ചക്യാട്ട് അന്തരിച്ചു.ഇന്ന് വെളുപ്പിന് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. നിക്കോൺ ഇന്ത്യ മെന്റർ ആയിരുന്നു അദ്ദേഹം. പിക്‌സൽ വില്ലേജ് എന്ന യൂട്യൂബ് ചാനലിന്റെ സ്ഥാപകൻ കൂടിയായ രാധാകൃഷ്ണൻ ചക്യാട്ടിന് 2023ൽ ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എകെപിഎ) ഫോട്ടോഗ്രാഫി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്.
ചാർളി എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ അച്ഛനായി ഡേവിഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ഈ ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതനായി മാറി.
കൊച്ചി സ്വദേശിയായ രാധാകൃഷ്ണന്‍ ചാക്യാട്ട് ഏറെക്കാലം മുംബൈ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾക്കായി ഫോട്ടോഷൂട്ട് നടത്തിയിട്ടുള്ള പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ആയിരുന്നു രാധാകൃഷ്ണൻ . സമൂഹമാദ്ധ്യമങ്ങളിലും ഏറെ സജീവമായിരുന്ന ഇദ്ദേഹം ക്യാമറ, ഫോട്ടോഗ്രഫി തുടങ്ങിയ വിഷയങ്ങളിൽ നിരവധി ക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു.