മുംബൈ: നടൻ രവി മോഹനെയും ഭാര്യ ആർതിയെയും വിമർശിച്ച് ഹൈക്കോടതി. ഇരുവരും പരസ്പരം അപകീർത്തികരമായ പരസ്യ പ്രസ്താവനകൾ നടത്തരുതെന്നും മാന്യത പാലിക്കണമെന്നും കോടതി നിർദേശിച്ചു. ആർതി ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട് രവി മോഹൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടപെടൽ.
ഇരുവരുടെയും വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് കോടതിയുടെ വിലക്ക്. കേസിന്റെ തുടർ നടപടികൾ നടക്കുമ്പോഴുള്ള ഇത്തരം പ്രവൃത്തികൾ നിയമങ്ങൾക്കെതിരാണെന്ന് ഹൈക്കോടതി ഓർമിപ്പിച്ചു.
ആർതിയും അമ്മ സുജാതയും തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നടത്തുന്നുവെന്ന് രവി മോഹൻ ഹർജിയിൽ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി പരസ്പരം ഇരുവരും സോഷ്യൽമീഡിയ വഴിയും അല്ലാതെയും ആരോപണങ്ങളും പ്രത്യാരോപണങ്ങളും നടത്തുന്നുണ്ട്. രവി മോഹൻ തന്നെ വീട്ടിൽ നിന്ന് പുറത്താക്കാൻ ശ്രമിച്ചുവെന്നാണ് ആർതി ആരോപിച്ചത്. എന്നാൽ ആർതി തന്നെ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു രവി മോഹന്റെ പ്രതികരണം.
വിവാഹമോചനവുമായി ബന്ധപ്പെട്ട് രവി മോഹനും ആരതിയും ചെന്നൈയിലെ കുടുംബ കോടതിയിൽ ഹാജരായിരുന്നു. ജീവനാംശമായി പ്രതിമാസം 40 ലക്ഷം രൂപ നൽകണമെന്നാണ് ആർതി ആവശ്യപ്പെട്ടത്. ഇതിനെതിരെ രവി മോഹൻ വീണ്ടും കോടതിയെ സമീപിച്ചിരുന്നു.