പത്തനംതിട്ട: ഹോം നഴ്സിന്റെ ക്രൂര മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59 കാരൻ മരിച്ചു. തട്ട സ്വദേശി ശശിധരൻ പിള്ളയാണ് മരിച്ചത്. അൽഷിമേഴ്സ് രോഗിയായ ശശിധരൻ പിള്ളയെ ഒരു മാസം മുമ്പാണ് ഹോം നഴ്സ് വിഷ്ണു അതിക്രൂരമായി മർദ്ദിച്ചത്.
വിമുക്തഭടനായ ശശിധരന്‍ പിള്ള കുറച്ചു കാലമായി രോഗം ബാധിച്ച് കിടപ്പിലായിരുന്നു ശശിധരൻ പിള്ളയെ നഗ്നനാക്കി മർദ്ദിക്കുന്നതും നിലത്തിട്ട് വലിച്ചിഴയ്‌ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മർദ്ദനത്തിന് ശേഷം അബോധാവസ്ഥയിലായിരുന്നു ശശിധരൻ പിള്ള. വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.
അടൂരിലെ ഏജന്‍സി വഴിയായിരുന്നു വിഷ്ണു ജോലിക്കെത്തിയത്. ശശിധരന്‍ പിള്ളയുടെ ഭാര്യ തഞ്ചാവൂരിലെ ജോലി ചെയ്യുന്നത്. ഏക മകള്‍ സ്ഥലത്തില്ല. ഇതേ തുടര്‍ന്നാണ് ശശിധരന്‍ പിള്ളയെ പരിചരിക്കാന്‍ വിഷ്ണുവിനെ നിയമിച്ചത്. വീണു പരിക്കേറ്റു എന്ന് പറഞ്ഞാണ് വിഷ്ണു ബന്ധുക്കളെ വിളിച്ച് വരുത്തിയത്. എന്നാൽ ഡോക്ടർമാരുടെ സംശയത്തെ തുടർന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.