ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ സർവകക്ഷി സംഘം ന്യൂയോർക്കിലെത്തി. പഹൽഗാമിൽ നടന്നത് മതപരമായ ആക്രമണമെന്ന് ശശി തരൂർ എം.പിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യക്തമാക്കി. കേവലം ഒരു ഭീകരാക്രമണമല്ല. ഇരകളായത് ഹിന്ദുകളാണെന്നും ശശി തരൂർ ന്യുയോർക്കിൽ കൗൺസിലേഴ്സിനെ അഭിസംബോധന ചെയ്ത് കൊണ്ട് പറഞ്ഞു.
ഭീകരർ ആൾക്കൂട്ടത്തിൽ വന്ന് ബോംബ് സ്ഫോടനം നടത്തുകയലല്ല ചെയ്തത്.
ഇരകളുടെ മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്. കൊല്ലപ്പെട്ടതെല്ലാം ഹിന്ദുകളാണ്. അതിനാൽ കേവലം ഒരു ഭീകരാക്രമണമായി അതിനെ തള്ളിക്കളയാനാകില്ല. മതാടിസ്ഥാനത്തിൽ നടന്ന ആക്രമണമാണിതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.
ഭീകരത ഭാരതത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഭീകരത ലോകത്തിലെ എല്ലാം രാജ്യത്തിനും എല്ലാം സമൂഹത്തിനും ഭീഷണിയാണെന്ന സന്ദേശമാണ് ഓപ്പറേഷൻ സിന്ദൂർ മുന്നോട്ടു വയ്‌ക്കുന്നത്. വേൾഡ് ട്രേഡ് സെന്ററിൽ 2008ൽ അൽ ഖ്വയ്ദ നടത്തിയ ഭീകരാക്രണത്തിന്റെ മറ്റൊരു പതിപ്പാണ് പഹൽഗാമിൽ നടന്നത്. ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം. മിക്ക രാജ്യങ്ങളും ഭീകരതയുടെ ഇരയാണ്, രണ്ട് ഭീകരാക്രമണങ്ങളുടെയും ചരിത്രം ഓർമ്മപ്പെടുത്തി കൊണ്ട് ശശി തരൂർ വ്യക്തമാക്കി.
ലഷ്കർ ഇ തൊയിബ പോലുളള ഭീകരസംഘടനകൾക്ക് പാകിസ്താൻ നൽകുന്ന പ്രോത്സാഹനവും ശശി തരൂർ വിശദീകരിച്ചു, പഹൽഗാം ഭീകരാക്രമണം നടത്തിയ റസിസ്റ്റൻസ് ഫ്രണ്ടും ലഷ്കർ അനുബന്ധ സംഘടനയാണ്. രണ്ട് സംഘടനകളെയും യുഎൻ അടക്കം കരിമ്പട്ടികയിൽ പെടുത്തിയിട്ടുണ്ട്. എന്നാൽ ഇവർക്ക് ധനസഹായം അടക്കം നൽകി പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്താൻ . ഇത് കൃത്യമായി ലോകരാജ്യങ്ങൾ മനസ്സിലാക്കണമെന്നും ശശി തരൂർ കൗൺസിലേഴ്സിനോട് പറഞ്ഞു.
ഭീകരാക്രണത്തിൽ മതം ചേർക്കേണ്ടതില്ലെന്ന നിലപാടാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സ്വീകരിച്ചത്. ഇവിടെയാണ് ശശി തരൂരിന്റെ നിലപാട് കൃത്യമാകുന്നത്. ശനിയാഴ്ചയാണ് ശശി തരൂരും സംഘവും ന്യൂയോർക്കിൽ എത്തിയത്. യുഎസിന് പുറമേ പനാമ, ഗയാന, ബ്രസീൽ, കൊളംബിയ എന്നി രാജ്യങ്ങളും സംഘം സന്ദർശിക്കും.
#WATCH | New York, US: Congress MP Shashi Tharoor says, ” We are not interested in warfare with Pakistan. We would much rather be left alone to grow our economy and pull our people into the world they are getting ready for in the 21st century. But, the Pakistanis sadly, we might… pic.twitter.com/vkzVFk8bi3
— ANI (@ANI) May 25, 2025