ന്യൂഡൽഹി: രാജ്യത്ത് രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയതു. NB.1.8.1, LF.7 എന്നിവയാണ് കണ്ടെത്തിയത്. ഏപ്രിലിൽ തമിഴ്നാട്ടിൽ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തിൽ ഗുജറാത്തിൽ LF.7 വേരിയന്റിന്റെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
രണ്ട് വകഭേദങ്ങൾക്കും അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എങ്കിലും ഇവ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് വകഭേദം കാരണമാകുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്.
മെയ് 19 വരെ ഇന്ത്യയിൽ 257 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസസിന്റെ അധ്യക്ഷതയിൽ നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, ഐസിഎംആർ എന്നിവയിലെ വിദഗ്ധരുടെ യോഗം ചേർന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 23 പുതിയ കേസുകളും ആന്ധ്രാപ്രദേശിൽ നാല് കേസുകളും സ്ഥിരീകരിച്ചു. ബെംഗളൂരുവിൽ 84 കാരനും മഹാരാഷ്‌ട്രയിൽ 21 കാരനും കോവിഡ് ബാധിച്ച് മരിച്ചു. ടൈപ്പ് 1 പ്രമേഹത്തിൽ ഉൾപ്പെടുന്ന ഡയബറ്റിക് കീറ്റോഅസിഡോസിസ് രോഗിയായിരുന്നു മരിച്ച 21 കാരൻ.
കേരളം, തമിഴ്‌നാട്, മഹാരാഷ്‌ട്ര, കർണാടക എന്നി സംസ്ഥാനങ്ങളിലാണ് പ്രധാനമായും കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്ക കേസുകളും ആശുപത്രി വാസം ആവശ്യമില്ലാത്തതാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Leave a Comment