തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ അതീവ സുരക്ഷാ മേഖലയിൽ ജീവനൊടുക്കാൻ ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഡോക്ടർമാർ അനുവദിച്ചാൽ പ്രതിയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. 24 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയിൽ പുരോഗതിയുണ്ടോയന്ന് പറയാനാകൂവെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിരുന്നത്.
കഴിഞ്ഞ ദിവസമാണ് അഫാൻ മുണ്ടുപയോഗിച്ച് ശുചിമുറിയിൽ
തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഇത് രണ്ടാം വട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. കൊലയ്‌ക്ക് ശേഷം മദ്യത്തിൽ കീടനാശിനി കലർത്തി കുടിച്ച പ്രതിയെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റുൾപ്പടെയുള്ള നടപടി സ്വീകരിച്ചത്. കാമുകിയെയും സഹോദരനെയും ബന്ധുക്കളെയും ഉൾപ്പെടെ 5 പേരെ കൊലപ്പെടുത്തുകയുമായിരുന്നു. ഓരോരുത്തരെയും ചുറ്റികയ്‌ക്ക് അടിച്ച് ക്രൂരമായാണ് ഇയാൾ കൊലപ്പെടുത്തിയത്.
അലക്കി ഉണക്കാൻ ഇട്ടിരുന്ന മുണ്ടുപയോഗിച്ചാണ് അഫാൻ കഴുത്തിൽ കുരുക്കിട്ടത്.
സുരക്ഷ ബ്ലോക്കായ യുടിബി ബ്ലോക്കിലെ സെല്ലിലാണ് ഒരു തടവുകാരനൊപ്പം അഫാനെ പാർപ്പിച്ചിരുന്നത്. രാവിലെ 11.30ഓടെ ഒപ്പമുണ്ടായിരുന്ന തടവുകാരൻ ഫോൺ വിളിക്കാനും മറ്റ് തടവുകാർ വരാന്തയിൽ ടിവി കാണാനും ഇറങ്ങിയപ്പോഴായിരുന്നു പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഞെരക്കം കേട്ട് ജയിൽ ഉദ്യോഗസ്ഥൻ ശുചിമുറിയിലേക്ക് പോയി തൂങ്ങിനിന്ന അഫാനെ പൊക്കിയ ശേഷം മറ്റ് തടവുകാരെ വിളിക്കുകയായിരുന്നു.















