അപൂർവ കാൻസർ രോഗം ബാധിച്ച യുവതിയുടെ 13 ആന്തരിക അവയവങ്ങൾ നീക്കം ചെയ്ത് ഡോക്ടർമാർ. യുകെയിലെ കംബ്രിയയിൽ നിന്നുള്ള റെബേക്ക ഹിന്റ് എന്ന യുവതിക്കാണ് സങ്കീർണമായ കാൻസർ ചികിത്സയ്‌ക്ക് വിധേയമാകേണ്ടി വന്നത്. ദശലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന സ്യൂഡോമൈക്സോമ പെരിറ്റോണിയി (പിഎംപി) എന്ന അർബുദമാണ് റബേക്കയെ ബാധിച്ചതെന്ന് ഡോക്ടർമാർ പറയുന്നു.
2018 ഡിസംബറിലാണ് രോഗലക്ഷണങ്ങൾ ആദ്യമായി കണ്ടുതുടങ്ങിയത്. തുടക്കത്തിൽ ഇത് ഭക്ഷ്യവിഷബാധയാണെന്ന് കരുതിയെങ്കിലും, എട്ട് ആഴ്ചയിലധികം ലക്ഷണങ്ങൾ നീണ്ടുനിന്നപ്പോൾ അവർ പരിഭ്രാന്തയായി. പരിശോധനയിലാണ് ഇത് കാൻസറാണെന്ന് സ്ഥിരീകരിച്ചത്.
പിഎംപി എന്നത് മ്യൂക്കസിൽ കാണപ്പെടുന്ന കട്ടിയുള്ള പദാർത്ഥമായ മ്യൂസിൻ വയറിലെ അറയ്‌ക്കുള്ളിൽ പടരുന്ന ഒരു അപൂർവ മ്യൂസിനസ് കാൻസറാണ്. ഇത് പലപ്പോഴും വയറുവേദന, വേദന, ഓക്കാനം, വിശപ്പിലെ മാറ്റങ്ങൾ എന്നിവയ്‌ക്ക് കാരണമാകാം. റബേക്കയുടെ കാര്യത്തിൽ രോഗനിർണയം നടത്തിയപ്പോഴേക്കും കാൻസർ ഒട്ടുമിക്ക ആന്തരിക അവയവങ്ങളെയും ബാധിച്ചിരുന്നു.
2019 ഏപ്രിലിൽ നടന്ന സങ്കീർണ ശസ്ത്രക്രിയയിലൂടെ അവരുടെ ശരീരത്തിൽ നിന്നും ക്യാൻസർ ബാധിച്ച അപ്പെൻഡിക്സ്, പൊക്കിൾക്കൊടി, ലെസ്സർ ഓമന്റം, 1.6 ഗാലണിൽ കൂടുതൽ മ്യൂസിൻ എന്നിവ നീക്കം ചെയ്തു. എട്ട് കഠിനമായ കീമോതെറാപ്പി റൗണ്ടുകൾ പിന്നിട്ടു. ചികിത്സ അവിടെയും അവസാനിച്ചില്ല. 2019 ൽ നടന്ന ശസ്ത്രക്രിയയിൽ പിത്താശയം, പ്ലീഹ, വൻകുടൽ, ഗർഭാശയം, അണ്ഡാശയങ്ങൾ, ഫാലോപ്യൻ ട്യൂബുകൾ, സെർവിക്സ്, മലാശയം, ആമാശയത്തിന്റെയും ചെറുകുടലിന്റെയും ഒരു ഭാഗം, കരളിന്റെ ഉപരിതല പാളി, ഡയഫ്രത്തിന്റെ ഇരുവശങ്ങൾ എന്നിവയും നീക്കം ചെയ്തു. ഇന്ന്, വേദനസംഹാരിയും ഹോർമോൺ തെറാപ്പിയും ഉൾപ്പെടെ ദിവസേന 50 മുതൽ 60 വരെ ഗുളികകളാണ് റബേക്ക കഴിക്കുന്നത്.