ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള ബഹിഷ്‌കരണം ശക്തമായ കഴിഞ്ഞ ഒരു മാസത്തിനിടെ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഓഹരികള്‍ 10 ശതമാനത്തിലധികം ഇടിഞ്ഞു. ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ പാകിസ്ഥാന്റെ പക്ഷം പിടിച്ച തുര്‍ക്കിയിലെ ടൂറിസം വ്യവസായത്തിനേറ്റ തിരിച്ചടിയാണ് ടര്‍ക്കിഷ് എയര്‍ലൈന്‍സിനെയും ബാധിച്ചിരിക്കുന്നത്.
ടര്‍ക്ക് ഹവ യോല്ലാരി എഒ എന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സ് ഓഹരികളുടെ മൂല്യം 312.75 ടര്‍ക്കിഷ് ലിറയില്‍ നിന്ന് 279.75 ടര്‍ക്കിഷ് ലിറയായി കുറഞ്ഞു, ഈ കാലയളവില്‍ 10.55% ഇടിഞ്ഞു.
‘ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കുള്ള വിമാനങ്ങള്‍ അടുത്തിടെ റദ്ദാക്കിയതിനാല്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ ഓഹരി വില സമ്മര്‍ദത്തിലാണ്. ഓപ്പറേഷന്‍ സിന്ദൂരിന് ശേഷം തുര്‍ക്കി പാകിസ്ഥാനൊപ്പം നിന്നതിന് ശേഷം ഇന്ത്യയില്‍ നിന്ന് തുര്‍ക്കിയിലേക്കുള്ള പുതിയ ബുക്കിംഗുകളും ഗണ്യമായി ഇടിഞ്ഞു. അതിനാല്‍, വരും പാദങ്ങളില്‍ ഏവിയേഷന്‍ കമ്പനിക്ക് സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന ബിസിനസ്സ് നഷ്ടം വിപണി കുറയ്‌ക്കുന്നു,’ പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിലെ റിസര്‍ച്ച് മേധാവിയായ അവിനാഷ് ഗോരക്ഷര്‍ പറഞ്ഞു.
പാക്കിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ ഇന്ത്യ എടുത്ത സൈനിക നടപടിക്ക് ശേഷം തുര്‍ക്കി പാകിസ്ഥാന് പരസ്യമായി പിന്തുണ നല്‍കിയിരുന്നു. പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഉപയോഗിച്ചത് തുര്‍ക്കി നിര്‍മിത ഡ്രോണുകളായിരുന്നു.
ഇതോടെ തുര്‍ക്കി വിരുദ്ധ വികാരം ഇന്ത്യയില്‍ ശക്തമായി. തുര്‍ക്കിയിലേക്കുള്ള ടൂറിസം ബുക്കിംഗുകള്‍ വ്യാപകമായി റദ്ദാക്കിയാണ് ഇന്ത്യക്കാര്‍ പ്രതികരിച്ചത്. തുര്‍ക്കിയിലേക്കുള്ള ഫ്‌ളൈറ്റ് ബുക്കിംഗുകള്‍ കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 60% കുറഞ്ഞുവെന്നും റദ്ദാക്കലുകള്‍ 250% വര്‍ദ്ധിച്ചെന്നും മേക്ക്‌മൈട്രിപ് പറഞ്ഞു.
തുര്‍ക്കിയിലേക്കൊഴുകിയ രൂപ
2023ല്‍ 2.87 ലക്ഷത്തിലധികം ഇന്ത്യന്‍ വിനോദസഞ്ചാരികളാണ് തുര്‍ക്കി സന്ദര്‍ശിച്ചത്. 2022ലെ 2.3 ലക്ഷം സന്ദര്‍ശകരില്‍ നിന്ന് 25% വര്‍ധനയാണിത്. തുര്‍ക്കിയിലെത്തുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ശരാശരി 1,200-1500 ഡോളറാണ് ചെലവിട്ടതെന്ന് ( ഏകദേശം 1,02,600-1,28,200 രൂപ) ഈസ്‌മൈട്രിപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ നിശാന്ത് പിട്ടി പറയുന്നു. 2023ല്‍ തുര്‍ക്കിയിലെത്തിയ ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ ആകെ 350-400 മില്യണ്‍ ഡോളറാണ് (ഏകദേശം 3,000 കോടി രൂപ) അവിടെ ചെലവാക്കിയത്.