ഗായിക കെനിഷ ഫ്രാൻസിസ് സൈബർ ആക്രമണങ്ങൾക്കും അപകീർത്തികരമായ സന്ദേശങ്ങൾക്കുമെതിരെ നിയപരമായി രംഗത്തുവന്നതിന് പിന്നാലെ നടൻ രവി മോഹനും നിയമനടപടിക്ക്. നടന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ടാണ് തനിക്കെതിരെ രൂക്ഷമായ ആക്രമണം നടക്കുന്നതെന്നാണ് കെനിഷ വ്യക്തമാക്കുന്നത്.
ഇതിന് പിന്നാലെയാണ് നടൻ ഭാര്യ ആർതിക്കും അമ്മായിയമ്മയായ സുജാത വിജയകുമാറിനുമെതിരെ രംഗത്തുവന്നത്. ഇരുവർക്കും വക്കീൽ നോട്ടീസ് അയച്ചു. ഇരുവരുടെയും അപകീർത്തികരമായ പോസ്റ്റുകൾ തന്റെ പ്രതിച്ഛായയിൽ വലിയ ഇടിവുണ്ടാക്കിയെന്നും വ്യക്തമാക്കിയ രവിമോഹൻ മാനനഷ്ടത്തിനാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന അപകീർത്തികരവും തെറ്റുമായ പോസ്റ്റുകൾ ഉടനെ നീക്കം ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ വേണം. ഇത്തരത്തിലുള്ള ഭാവിയിൽ ചെയ്യാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നുമാണ് ആവശ്യം. തന്നെ സോഷ്യൽ മീഡിയകളിൽ ഇരുവരും ടാഗ് ചെയ്യുന്നത് ഒഴിവാക്കണമെന്ന് പറയുന്ന രവി മോഹൻ വിവാഹമോചനവുമായി ബന്ധപ്പെട്ടുള്ള അപകീർത്തികരമായ വാർത്തകളും പോസ്റ്റുകളും മെമ്മുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.















