22-കാരിയായ അതിജീവിതയെ വിവാഹം കഴിക്കാൻ ബലാത്സംഗ കേസ് പ്രതിക്ക് ഒരു മാസം ജാമ്യം അനുവദിച്ച് ഒഡിഷ ഹൈക്കോടതി. 26-കാരനായ പ്രതിക്കാണ് ജാമ്യം ലഭിച്ചത്. 2023-ലാണ് പ്രതിയെ പോക്സോ കേസിൽ ശിക്ഷിച്ചത്.
2019 മുതൽ പ്രതി വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചിരുന്നതായും 2020 ലും 22 ലും ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നുമായിരുന്നു യുവതിയുടെ പരാതി.
ഇരുവരും തമ്മിലുള്ള ബന്ധം പരസ്പര സമ്മതത്തോടെയുളളതും ആത്മാർത്ഥവുമാണെന്ന് ബോധ്യമായതുകൊണ്ടാണ് ജാമ്യം അനുവദിക്കുന്നതാണെന്ന് കോടതി പറഞ്ഞത്. നിയമപരമായി ഗൗരവമുള്ള ആരോപണങ്ങളാണെങ്കിലും ഇരുവരും ഒരു സമയത്ത് വ്യക്തിപരമായ ബന്ധം പങ്കിട്ടവരാണെന്ന കാര്യവും കൂടി പരിഗണിച്ചതായി ജസ്റ്റിസ് പാണിഗ്രാഹി ഉത്തരവിൽ വ്യക്തമാക്കി.
ഇടക്കാല ജാമ്യത്തിനായി യുവാവാണ് കോടതിയെ സമീപിച്ചത്. പരാതിക്കാരിയുടെ കുടുംബത്തിന്റെ സമ്മതത്തോടെ അതിജീവിതയെ വിവാഹം ചെയ്യാനായിരുന്നു ജാമ്യം തേടിയത്. വിവാഹത്തിന് സമ്മതമാണെന്നും ജാമ്യം ലഭിച്ചാലെ അതിന് സാധിക്കുള്ളുവെന്നും പ്രതിയുടെ അഭിഭാഷകനും വ്യക്തമാക്കിയിരുന്നു.















