ന്യൂഡൽഹി: ഭാരതത്തിന്റെ സൈനിക നടപടിയിൽ ഭയന്ന് വെടിനിർത്തലിന് വേണ്ടി പാകിസ്താൻ രണ്ട് തവണ ഇന്ത്യയെ സമീപിച്ചെന്ന് റിപ്പോർട്ട്. മെയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് പാക് സൈന്യത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് ഇന്ത്യയ്‌ക്ക് ഔദ്യോഗിക സന്ദേശം അയച്ചത്. അതിർത്തിയിലുള്ള വെടിവയ്പ് നിർത്തണമെന്ന് പാകിസ്താൻ നിരവധി അഭ്യർത്ഥിച്ചതായാണ് വിവരം. ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്താന്റെ അഭ്യർത്ഥനകൾ സംശയാസ്പദമായിരുന്നു. കാരണം, അതേ ദിവസം തന്നെയാണ് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പാകിസ്താൻ ആക്രമണം നടത്തിയത്. പാകിസ്താന്റെ അഭ്യർത്ഥന കപടവും ആത്മാർത്ഥത ഇല്ലാത്തതുമാണെന്ന് ഇത് വ്യക്തമാക്കുന്നു.
മെയ് 10-ന് പാക് ഡിജിഎംഒകൾ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടന്നിരുന്നു. വെടിനിർത്തൽ കരാറിനെ കുറിച്ച് ഇരുവരും ചർച്ച നടത്തി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്താൻ പാക് ഡിജിഎംഒ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വെടിനിർത്തലിന് നിർദേശിച്ചതായി വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ സിന്ദൂറിൽ ഭീകരരും അവരുടെ സഹായികളും ഉൾപ്പെടെ 160 പേരാണ് കൊല്ലപ്പെട്ടത്. ജെയ്ഷെ മുഹമ്മദ്, ലഷ്കർ ഇ ത്വയ്ബ, ഐഎസ് ഭീകരസംഘടനകളുടെ ഒമ്പത് ഭീകരകേന്ദ്രങ്ങളും തകർന്നിരുന്നു. പാക് സൈനിക കേന്ദ്രങ്ങളും ഇന്ത്യൻ സൈന്യത്തിന്റെ ആക്രമണത്തിൽ തകർന്നു.















