ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഭാഗമാകാനൊരുങ്ങി ഏറ്റവും പുതിയ യുദ്ധകപ്പൽ തമൽ.റഷ്യയിലെ കലിനിൻഗ്രാഡിലുള്ള യാന്തർ കപ്പൽശാലയിൽ നിർമ്മാണം പുരോഗമിക്കുന്ന തമൽ ജൂൺ അവനത്തോടെ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്യപ്പെടും.
സെപ്റ്റംബറിൽ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഈ യുദ്ധക്കപ്പൽ നാവികസേനയുടെ മുംബൈ ആസ്ഥാനമായുള്ള വെസ്റ്റേൺ ഫ്ലീറ്റിന്റെ ഭാഗമാകും. തമലിന്റെ വരവോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രാജ്യത്തിന്റെ സമുദ്രശക്തി വർദ്ധിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യൻ നാവികസേനയ്‌ക്കായുള്ള 2.5 ബില്യൺ ഡോളറിന്റെ കരാറിന്റെ ഭാഗമായാണ് തമൽ നിർമ്മിച്ചത്. കരാറിലെ ആദ്യ യുദ്ധക്കപ്പലായ ഐഎൻഎസ് തുഷിൽ കഴിഞ്ഞ ഡിസംബറിൽ യാന്തർ കപ്പൽശാലയിൽ നാവികസേനയുടെ ഭാഗമാകുകയും ഫെബ്രുവരിയിൽ രാജ്യത്തെത്തുകയും ചെയ്തു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് ഇത് കമ്മീഷൻ ചെയ്തത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകൾ, മെച്ചപ്പെടുത്തിയ ശ്രേണിയിലുള്ള ഷിൽ ഉപരിതല-വ്യോമ മിസൈലുകൾ, നവീകരിച്ച ഇടത്തരം-ആന്റി എയർ, ഉപരിതല തോക്കുകൾ, ഒപ്റ്റിക്കലി നിയന്ത്രിത ക്ലോസ്-റേഞ്ച് റാപിഡ് ഫയർ ഗൺ സിസ്റ്റം, ടോർപ്പിഡോകൾ, റോക്കറ്റുകൾ എന്നിവയുൾപ്പെടെ നിരവധി നൂതന ആയുധങ്ങൾ പുതിയ യുദ്ധക്കപ്പലുകളിൽ സജ്ജീകരിച്ചിരിക്കുന്നു.















