ഭോപ്പാൽ: പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടി-ഓപ്പറേഷൻ സിന്ദൂറിനുള്ള ആദരമായി മെയ് 31ന് ഭോപ്പാൽ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കുന്നത് സിന്ദൂര നിറമുള്ള സാരിയുടുത്ത 15,000 വനിതകൾ. പതിനെട്ടാം നൂറ്റാണ്ടിലെ മാൾവ രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന ലോക് മാതാ അഹല്യ ബായിയുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഭോപ്പാലിൽ നടക്കുന്ന വനിതാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഭോപ്പാലിലെത്തുന്നത്.
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി 1300 മണ്ഡലങ്ങളിൽ നിന്നായി 1500 വോളന്റിയർമാരെ തെരഞ്ഞെടുത്തിട്ടുള്ളതായി ബിജെപി മഹിളാമോർച്ച അറിയിച്ചു. “പഹൽഗാം ആക്രമണത്തെത്തുടർന്ന് ഭീകരതയ്‌ക്ക് ഉചിതമായ മറുപടി നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നമ്മുടെ സായുധ സേനയ്‌ക്കുമുള്ള ആദരവാണ് കുങ്കുമ നിറമുള്ള സാരികൾ. സ്ത്രീകൾക്ക് പാർട്ടി സാരികൾ നൽകും,” മധ്യപ്രദേശ് സഹമന്ത്രി കൃഷ്ണ ഗൗർ പറഞ്ഞു.
കൂടാതെ ഹെലിപാഡിലെയും വേദിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ, ഗതാഗത നിയന്ത്രണം ഉൾപ്പെടെയുള്ളവ പൂർണ്ണമായും വനിതാ ഉദ്യോഗസ്ഥയായിരിക്കും കൈകാര്യം ചെയ്യുക. സോണാലി മിശ്ര ഐപിഎസ് സുരക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. 47 വനിതാ ഉദ്യോഗസ്ഥർ വിഐപി സുരക്ഷാ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. സ്വയം സഹായ സംഘങ്ങളിലെ 600-ലധികം സ്ത്രീകൾ ഭക്ഷണവും വെള്ളവും വിതരണം ചെയ്യും.