തിരവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനാകും.രാവിലെ 8.30 മുതൽ വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും.
കലവൂർ സ്‌കൂൾ മതിലുകളും പരിസരവും സ്ട്രീറ്റ് ആർട്ടിലൂടെ മനോഹരമാക്കിയിട്ടുണ്ട്.
പ്രവേശനോത്സവത്തിന്റെ ഭാഗമായി മൂവായിരം പേർക്ക് സദ്യയൊരുക്കുന്നതിനായി കലവൂരിലെ പൊതുജനങ്ങളിൽ നിന്നും കടകളിൽ നിന്നും വിഭവസമാഹരണം നടത്തി വരികയാണ്.
സ്‌കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി മെയ് 31 ന് അയ്യായിരം പേർ പങ്കെടുക്കുന്ന വിളംബരജാഥ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഫ്‌ളാഗ് ഓഫ് ചെയ്യും. പ്രവേശനോത്സവ ചരിത്രത്തിൽ ആദ്യമായി ഒരു വിദ്യാർത്ഥിനിയുടെ കവിത പ്രവേശനോത്സവ ഗാനമാകുകയാണ്.കൊട്ടാരക്കര താമരക്കുടി എസ്.വി.വി.എച്ച്.
എസ്.എസിലെ വിദ്യാർത്ഥിനിയായ ഭദ്ര ഹരി എഴുതിയ ഗാനമാണ് 2025-26 അധ്യയനവർഷം പ്രവേശനോത്സവഗാനമായി തെരെഞ്ഞെടുത്തിരിക്കുന്നത്.
പ്രശസ്ത സംഗീത സംവിധായകൻ അൽഫോൺസ് ജോസഫാണ് ഈ ഗാനം ചിട്ടപ്പെടുത്തിയതും ആലപിച്ചതും. അനു തോമസ്, അലീന മേരി ഷിബു, ജെറിൻ ജോർജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. ഭദ്ര ഹരിയെ പ്രവേശനോത്സവ ദിവസത്തിൽ വിശിഷ്ട അതിഥിയായി കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേയ്‌ക്ക് ക്ഷണിച്ചു.
2025-26 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനായി ഓൺലൈനായി ആകെ ലഭിച്ച നാല് ലക്ഷത്തി അരുപത്തി രണ്ടായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് (4,62,768) അപേക്ഷകളിലെ ഓപ്ഷനുകൾ പരിഗണിച്ചുള്ള ട്രയൽ അലോട്ട്മെന്റ് മെയ് 24 ന് പ്രസിദ്ധീകരിച്ച് തിരുത്തലുകൾക്കും ആവശ്യമെങ്കിൽ ഓപ്ഷനുകൾ പുന:ക്രമീകരിക്കുന്നതിനുമുള്ള അവസരം നൽകിയിരുന്നു.
സർക്കാർ,എയിഡഡ് സ്‌കൂളുകളിലെ മെറിറ്റ് ക്വാട്ടയിലെ മൂന്നു ലക്ഷത്തി പതിനാറായിരം (3,16,000) സീറ്റുകളിലേയ്‌ക്കാണ് അലോട്ട്മെന്റ് നടത്തുന്നത്. എയിഡഡ് സ്‌കൂളുകളിലെ കമ്മ്യൂണിറ്റി ക്വാട്ട,മാനേജ്മെന്റ് ക്വാട്ട,അൺ-എയ്ഡഡ് ക്വാട്ട സീറ്റുകൾ ഉൾപ്പടെ ആകെ നാല് ലക്ഷത്തി നാൽപത്തി രണ്ടായിരത്തി പന്ത്രണ്ട് (4,42,012)ഹയർസെക്കണ്ടറി സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്.മുഖ്യഘട്ടത്തിലെ ആദ്യ അലോട്ട്മെന്റ് ജൂൺ 2 ന് വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. പ്രവേശനം ജൂൺ 3 ന് രാവിലെ 10 മണി മുതൽ ജൂൺ 5 വൈകിട്ട് 5 മണി വരെ തേടാം.
മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്മെന്റും സ്പോർട്സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്മെന്റുംപ്രസിദ്ധീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ജൂൺ 10 നും മൂന്നാമത്തെ അലോട്ട്മെന്റ് ജൂൺ 16 നും പ്രസിദ്ധീകരിച്ച് മുഖ്യഘട്ട അലോട്ട്മെന്റുകൾ പൂർത്തീകരിച്ച് പ്ലസ്‌വൺ ക്ലാസുകൾ ജൂൺ 18 ന് ആരംഭിക്കുന്നതാണ്.















