കോഴിക്കോട്: വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ. കുറ്റിപ്പുറം പള്ളിപ്പടി വാരിയര്‍ ഫൗണ്ടേഷന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിളാണ് സംഭവം. കോഴിക്കോട് തിരുവമ്പാടി പുന്നക്കൽ പാലപ്പെട്ടി സ്വദേശികളായ അസീസ്-സുലൈഖ ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ (21) ആണ് മരിച്ചത്.
കുറ്റിപ്പുറത്തുളള സ്ഥാപനത്തിൽ ആറ് മാസം ദൈർഘ്യമുള്ള ലോജിസ്റ്റിക്ക് കോഴ്സ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് സിനാൻ. ഒരുമാസം മുമ്പാണ് കോഴ്‌സിന് ചേരുന്നത്. ഇന്ന് പതിവുപോലെ രാവിലെ ക്ലാസിന് എത്തിയിരുന്നെങ്കിലും ഉച്ചക്ക് ശേഷം വിദ്യാർത്ഥിയെ കാണാനില്ലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
വൈകീട്ടാണ് സ്ഥാപനത്തിന്റെ മറ്റൊരു കെട്ടിടത്തിന്റെ താഴെ വീണ് കിടക്കുന്ന നിലയിൽ മുഹമ്മദ് സിനാനെ കണ്ടെത്തുന്നത്. ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ സിസിടിവി ദൃശ്യങ്ങളിൽ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിലേക്ക് കയറിപ്പോകുന്നത് കാണാം. തിരൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.















