2022 ഐപിഎൽ സീസണിൽ അപ്രതീക്ഷിതമായി സിഎസ്കെയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വന്നതും പകുതിക്ക് വച്ച് ക്യാപ്റ്റൻസിയിൽ നിന്നും പുറത്താക്കിയ ഫ്രാഞ്ചൈസിയുടെ വിവാദ തീരുമാനത്തെക്കുറിച്ചുമെല്ലാം മനസുതുറന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ.
ആ സമയം വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം പറഞ്ഞു. ” ടീം നന്നായി കളിച്ചാലും ഇല്ലെങ്കിലും പഴി കേൾക്കേണ്ടി വരുന്നത് ക്യാപ്റ്റനാണ്. എനിക്ക് അതൊരു അനുഭവമായിരുന്നു. ഇതിലും നന്നായി ചെയ്യാൻ കഴിയുമായിരുന്നു,” ജഡേജ പറഞ്ഞു. രവിചന്ദ്രൻ അശ്വിന്റെ യൂട്യൂബ് ചാനലിലെ ‘കുട്ടി സ്റ്റോറീസ് വിത്ത് ആഷ്’ എന്ന പരിപാടിയിലായിരുന്നു താരത്തിന്റെ പ്രതികരണം.
മൂന്ന് വർഷം മുൻപ് ചെന്നൈയുടെ നായകൻ എംഎസ് ധോണി സ്ഥാനമൊഴിയാൻ തീരുമാനിച്ചതോടെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഓൾറൗണ്ടറായ ജഡേജയെ പരിഗണിച്ചത്. നായകസ്ഥാനം ജഡേജയ്‌ക്ക് നൽകിയെങ്കിലും ആദ്യനാല് മത്സരങ്ങളിൽ സിഎസ്കെ തോൽക്കുകയും പോയിന്റ് പട്ടികയിലും ഏറ്റവും താഴെയുമെത്തിയതോടെ ടീം മാനേജ്മെന്റിന്റെ ആ തീരുമാനം തിരിച്ചടിയായി. എട്ട് മത്സരങ്ങൾക്ക് ശേഷം, ഫ്രാഞ്ചൈസി ജഡേജയെ നായക സ്ഥാനത്ത് നിന്ന് പുറത്താക്കുകയും ധോണിയെ വീണ്ടും ആ റോളിലേക്ക് കൊണ്ടുവരികയും ചെയ്തു, എന്നാൽ ആ തീരുമാനവും പ്ലേ ഓഫിലെത്താൻ ടീമിനെ സഹായിച്ചില്ല.















