മംഗളൂരു: ഭരണകക്ഷിയായ കോൺഗ്രസ് പാർട്ടിയെ ബ്ലാക്ക് മെയിൽ ചെയ്യാനൊരുങ്ങി ദക്ഷിണ കന്നഡ ജില്ലയിലെ മുസ്ലീം നേതാക്കൾ. ജില്ലയിലെ വർഗീയ കൊലപാതകങ്ങൾ തടയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ദക്ഷിണ കന്നഡ ജില്ലയിലെ കോൺഗ്രസ് പാർട്ടിയിലെ മുസ്ലീം നേതാക്കൾ കൂട്ടത്തോടെ സ്ഥാനങ്ങൾ രാജിവയ്‌ക്കാൻ തീരുമാനിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ആഭ്യന്തരമന്ത്രി ജി പരമേശ്വര മുസ്ലീംസമൂഹം പറയുന്നത് കേൾക്കുന്നില്ലെന്നും ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതായും മുസ്ലീം നേതാക്കൾ ആരോപിക്കുന്നു.
കോൺഗ്രസിലെ മുസ്ലീങ്ങൾ ഷാദി മഹലിൽ യോഗം ചേർന്ന് രാജി സമർപ്പിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് ഷാഹുൽ ഹമീദ് പറഞ്ഞു. ബൂത്ത് തലം മുതൽ കെ.പി.സി.സി വരെയുള്ള മുസ്ലീം സമുദായ ഭാരവാഹികൾ രാജി സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു . പോലീസ് വകുപ്പിന്റെ പൂർണ്ണ പരാജയമാണ് അബ്ദുൾ റഹിമാന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ജനങ്ങൾക്ക് നീതി നൽകാൻ കഴിയുന്നില്ലെങ്കിൽ, ഈ സ്ഥാനങ്ങളിൽ ഇരുന്നിട്ട് എന്ത് പ്രയോജനം? ഞങ്ങൾ വേദനാജനകരും നിസ്സഹായരുമാണ്,” അദ്ദേഹം പറഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാലാണ് അബ്ദുൾ റഹ്മാൻ കൊല്ലപ്പെട്ടതെന്നു ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു പ്രസ്താവന ഇറക്കിയിരുന്നു. ജില്ലാ ചുമതലയുള്ള മന്ത്രി ആ പ്രസ്താവന പിൻവലിക്കണമെന്നാണ് മുസ്ലീം നേതാക്കൾ ആവശ്യപ്പെടുന്നത്.
സംസ്ഥാനം ഭരിക്കുന്ന ആഭ്യന്തരമന്ത്രി ജി പരമേശ്വരയും ജില്ലാ മന്ത്രി ദിനേശ് ഗുണ്ടു റാവുവും ഉടൻ പ്രദേശം സന്ദർശിച്ച് മേഖലയിലെ സമാധാനം തകർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഷാഹുൽ ഹമീദ് ആവശ്യപ്പെട്ടു.
ആഭ്യന്തരമന്ത്രി ജി പരമേശ്വരയെയും ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവുവിനെയും മാറ്റണമെന്ന് മുസ്ലീം നേതാക്കൾ കടുത്ത സമ്മർദ്ദം ചെലുത്തുന്നതായി കന്നഡ മാദ്ധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ സ്വാധീനമുള്ള മുസ്ലീം കോൺഗ്രസ് നേതാക്കൾ ഈ രണ്ട് മന്ത്രിമാരെയും മാറ്റണമെന്ന് നിർബന്ധം പിടിക്കുന്നുവെന്നും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും ഡിസിഎം ഡി കെ ശിവകുമാറിനും മേൽ അവർ വലിയ സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാദ്ധ്യമ റിപ്പോർട്ടുകൾ പറയുന്നു.















