പാലക്കാട് : കഞ്ചിക്കോട് ജനവാസ മേഖലയിൽ കാട്ടാന. ഇന്ന് പുലർച്ചയാണ് കഞ്ചിക്കോട്
അസീസി സ്കൂളിന് സമീപം ഗ്രീൻ ഗാർഡനിൽ ഒറ്റയാൻ എത്തിയത്. ഒരു വീടിന്റെ മതിൽ തകർത്തു. വ്യാപകമായി കൃഷിയും നശിപ്പിച്ചു. തെങ്ങ്, വാഴ, മാവ് തുടങ്ങി വിവിധ കൃഷികളും ഒറ്റയാൻ നശിപ്പിച്ചു.
വനം വകുപ്പ് പടക്കം പൊട്ടിച്ച് ആനയെ കാടുകയറ്റിയെങ്കിലും രാവിലെ ഏഴുമണിയോടെ ഒറ്റയാൻ പുതുശേരി കെ.എൻ പുതൂരിൽ വീണ്ടുമിറങ്ങി. ഇന്നലെയും ഒറ്റയാൻ പ്രദേശത്തെ ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നു. ഗ്രീൻ ഗാർഡൻ കോളനി, വിദ്യാനഗർ കോളനി, മായപ്പള്ളം എന്നിവിടങ്ങളിലായി കഴിഞ്ഞ രണ്ടാഴ്ചയായി ആന നിലയുറപ്പിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, നെല്ലിയാമ്പതിയിലും യുവാക്കൾക്ക് നേരെ ഒറ്റയാൻ പാഞ്ഞടുത്തു. വടക്കഞ്ചേരി സ്വദേശികളായ സുഗുണൻ, സുൽഫിക്കർ എന്നിവർക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇവർ സഞ്ചരിച്ച ബൈക്ക് നിർത്തിയിട്ട് പിന്നോട്ട് തിരിച്ചു ഓടിയതിനാൽ ആക്രമത്തിൽ നിന്നും രക്ഷപ്പെട്ടു. തൊട്ടുമുമ്പിൽ സഞ്ചരിച്ച യാത്രകരെയും കാട്ടാന ആക്രമിക്കാൻ ശ്രമിച്ചതായി യുവാക്കൾ പറഞ്ഞു. നെല്ലിയാമ്പതി സന്ദർശിച്ച് ചുരം ഇറങ്ങുന്നവർക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.