തിരുവനന്തപുരം: തലസ്ഥാനത്ത് മഴക്കെടുതിയിൽ വ്യാപക നാശനഷ്ടം. വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. ഏഴ് വള്ളങ്ങളാണ് തിരികെ എത്താനുള്ളത്. വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെടുത്തു. മത്സ്യത്തൊഴിലാളിയായ പുല്ലുവിള സ്വദേശി തഥയൂസ് ആണ് മരിച്ചത്. പൂവാറിൽ നിന്നാണ് മൃതദേഹം കിട്ടിയത്. കാണാതായ സ്റ്റെല്ലസിനായി തെരച്ചിൽ നടത്തുകയാണ്.
മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം വിഴിഞ്ഞം വാർഫിന് സമീപത്ത് വച്ചാണ് മറിഞ്ഞത്. മൂന്നുപേർ നീന്തി രക്ഷപ്പെട്ടു. ശക്തമായ മഴയിലും കാറ്റിലും മരം കടപുഴകിയും ഒടിഞ്ഞുംവീണ് ഗതാഗതം സ്തംഭിച്ചു.
തിരുവനന്തപുരത്ത് അതിശക്തമായ മഴ തുടരുകയാണ്. ഇന്നലെ രാത്രി മുതൽ തുടരുന്ന ശക്തമായ കാറ്റിൽ വ്യാപകമായി മരം കടപുഴകി വീണു. നിരവധി വീടുകളിൽ വെള്ളം കയറി. വ്യാപക നാശനഷ്ടവും റിപ്പോർട്ട് ചെയുന്നുണ്ട്. ഇന്നലെ രാത്രി മുതൽ ആരംഭിച്ച ശക്തമായ മഴയിൽ തിരുവനന്തപുരം ചെമ്പഴന്തിയിൽ വീട് പൂർണമായും നശിച്ചു. ചെമ്പഴന്തി സ്വദേശി അമ്മുക്കുട്ടിയുടെ വീടാണ് ശക്തമായ കാറ്റിലും മഴയിലും നശിച്ചത്. വീട്ടിലുണ്ടായിരുന്ന വയോധികയും മകനും തലനാരിഴയ്‌ക്കാണ് രക്ഷപെട്ടത്.
നെയ്യാറ്റിൻകര കുന്നത്തുകാലിൽ വീടിന് മുകളിലൂടെ മരം വീണു. വീടിനുള്ളിൽ ഉണ്ടായിരുന്ന വയോധിക അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ശക്തമായ മഴയാണ് നെയ്യാറ്റിൻകരയിലും പാറശാലയിലും ലഭിക്കുന്നത്. നിരവധി കൃഷിയും നശിച്ചിട്ടുണ്ട്.