ന്യൂഡൽഹി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ ഖാസിം എടുത്ത് നൽകിയ സിം കാർഡുകൾ പാക് ഇന്റലിജൻസ് വിഭാഗം ഉപയോഗിച്ചതായി കണ്ടെത്തി. ഡൽഹി സ്‌പെഷ്യൽ ടാസ്ക് ഫോഴ്സാണ് ഖാസിമിനെ അറസ്റ്റ് ചെയ്തത്. ഖാസിമിന്റെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്നാണ് രാജസ്ഥാനിലെ ഭാരത്പൂർ സ്വദേശിയായ ഖാസിമിനെ അറസ്റ്റ് ചെയ്തത്. ഇയാൾ വഴി ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലെ ഇന്റലിജൻസ് ഉദ്യോഗസ്ഥർ ഉപയോഗിച്ചുവെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ഓഗസ്റ്റിലും ഈ വർഷം മാർച്ചിലും ഖാസിം പാകിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്. മൂന്ന് മാസത്തോളം പാകിസ്ഥാനിൽ കഴിഞ്ഞ ഇയാൾ ചാരസംഘടനയുമായി ബന്ധപ്പെട്ടു എന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
സൈനിക നീക്കങ്ങൾ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ എന്നിവ പാകിസ്ഥാന് കൈമാറി. ഇന്ത്യൻ സിം കാർഡുകൾ ഉപയോഗിച്ച് സോഷ്യൽമീഡിയയിലൂടെ പാകിസ്ഥാൻ ചാര സംഘടനയുമായി ആശയ വിനിമയം നടത്തിയവരെ സംബന്ധിച്ച് രാജ്യത്തുടനീളം അന്വേഷണം നടക്കുന്നുണ്ട്.