തന്റെ ബിസിനസ് സ്ഥാപനത്തിലെ മുൻ ജീവനക്കാർ തന്നെ കബളിപ്പിച്ച് പണം തട്ടിയെന്ന പരാതിയുമായി പ്രമുഖ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. ദിയയുടെ ‘ഒബൈഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് തട്ടിപ്പ് നടത്തിയത്. മുൻ ജീവനക്കാരായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്ലിൻ, രാധു എന്നിവർക്കെതിരെയാണ് ദിയ ആരോപണം ഉന്നയിക്കുന്നത്.
വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും ബിസിനസാണ് ദിയ ഓൺലൈനായി നടത്തിയിരുന്നത്. അടുത്തിടെയാണ് ഇത് ഷോറൂമിലേക്ക് മാറ്റിയത്. നിലവിൽ ഓൺലൈനായും ഷോറൂം വഴിയും സാധനങ്ങൾ വിൽക്കുന്നുണ്ട്. ഒരു വർഷത്തോളമായി ജീവനക്കാർ തന്നെ പറ്റിച്ചെന്ന് ദിയ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തി. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം ചാറ്റുകളടക്കം പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
ബിസിനസ് സ്ഥാപനത്തിന്റെ യഥാർത്ഥ പേയ്മെന്റ് സ്കാനറിന് പകരം ജീവനക്കാർ സ്വന്തം നമ്പറുകളാണ് ഉപഭോക്താക്കൾക്ക് നൽകിയത്. ഓൺലൈൻ സ്കാനർ വർക്കാകുന്നില്ലെന്ന് പറഞ്ഞാണ് സ്വന്തം നമ്പറുകൾ അയച്ചത്. തുടർന്ന് സാധനങ്ങൾ വാങ്ങിയ ആളുകൾ ഇവരുടെ നമ്പറിലേക്ക് പണം അയച്ചു. ഒരാളിൽ നിന്നും 50,000 രൂപ വരെ ഇവർ തട്ടിയെടുത്തതായി ദിയ പറഞ്ഞു. ഇതിന്റെ തെളിവുകൾ ദിയ പുറത്തുവിട്ടിട്ടുണ്ട്.
മൂന്ന് പേർക്കെതിരെയും നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ദിയ വ്യക്തമാക്കി. ഗർഭിണി കൂടിയായ ഒരു സ്ത്രീയെയാണ് ഇവർ ഇത്തരത്തിൽ പറ്റിച്ചതെന്നും ഇവരുടെ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും ദിയ കൃഷ്ണ പറഞ്ഞു.















