പഴയ സിനിമകളും പാട്ടുകളും സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകാറുണ്ട്. സിനിമകളുടെ ഭാഗങ്ങൾ ചെറിയ വീഡിയോകളാക്കി പോസ്റ്റ് ചെയ്യുന്നതും ഏറെ ശ്രദ്ധേയമാണ്. അത്തരത്തിൽ അടുത്തിടെ വൈറലായ പാട്ടാണ് 1962-ൽ പുറത്തിറങ്ങിയ സ്നേഹദീപം എന്ന സിനിമയിലെ “ഒന്നാംതരം ബലൂൺ തരാം, ഒരു നല്ല പീപ്പി തരാം” എന്ന ഗാനം. ഗാനം വൈറാലയതിന് പിന്നാലെ ആളുകൾ തിരഞ്ഞത് ആ ഗാനം അതിമനോഹരമായി അഭിനയിച്ച കുട്ടിതാരത്തെയാണ്. പ്രശസ്ത നർത്തകൻ ഗുരു ഗോപിനാഥന്റെ മകൾ വിനോദിനിയാണ് ഏവരുടെയും മനസ് കീഴടക്കിയ താരം.
വർഷങ്ങൾക്കിപ്പുറം താൻ അഭിനയിച്ച ഗാനം വീണ്ടും വൈറലായതിന്റെ സന്തോഷത്തിലാണ് വിനോദിനി. യൂട്യൂബിൽ മാത്രം ഒന്നരക്കോടി ആളുകളാണ് പാട്ട് കണ്ടത്. ഒരു കുഞ്ഞുടുപ്പും ധരിച്ച് പാട്ടിനൊപ്പം അഭിനയിച്ച് തകർക്കുന്ന താരത്തെ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
പാട്ട് ഹിറ്റായതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഞാനാണ് ആ കുട്ടിയെന്ന് അറിഞ്ഞപ്പോൾ പലർക്കും വിശ്വസിക്കാനായില്ലെന്നും വിനോദിനി പറഞ്ഞു. “കമന്റ് ബോക്സ് വായിച്ചപ്പോൾ, ഈ കുട്ടി ആരാണെന്ന് എവിടെയാണ് എന്നൊക്കെ പലരും ചോദിക്കുന്നുണ്ടായിരുന്നു. ഇവർക്ക് എത്ര വയസായി, എവിടെയായിരിക്കും എന്നൊക്കെ ഓരോ കമൻ്റുകൾ വന്നു. കുറെ കമന്റുകൾ വന്നപ്പോൾ ഞാൻ തന്നെ മറുപടി പറഞ്ഞു. ഇതിൽ അഭിനയിച്ച കുട്ടി ഞാനാണ്. ഇത് ഞാൻ അഭിനയിച്ച സിനിമയാണ് എന്ന് മെസേജ് അയച്ചു. ചിലർക്കൊക്കെ വലിയ സന്തോഷമായിരുന്നു. പലരും എനിക്ക് തിരിച്ച് മെസേജ് അയച്ചിരുന്നു”.
കുട്ടികളെയും ചെറുമക്കളെയുമൊക്കെ ഈ പാട്ട് പാടി ഉറക്കാറുണ്ടെന്ന് ചിലർ എനിക്ക് മെസേജ് അയച്ചു. അവരുടെ അച്ഛനമ്മമാർ ഈ പാട്ട് പാടിയാണ് അവരെ ഉറക്കിയിരുന്നത് എന്നൊക്കെ പലരും പറഞ്ഞിട്ടുണ്ടെന്നും വിനോദിനി പറഞ്ഞു.