തിരുവനന്തപുരം: ദളിത് യുവതിയെ വ്യാജ മാലമോഷണക്കേസിൽ കുടുക്കിയ കേസിൽ നടപടി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ശിവകുമാറിനെ സ്ഥലംമാറ്റി.
കോഴിക്കോട് മാവൂര്‍ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതു സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ മാറ്റവും.
ബിന്ദുവിന്റെ പരാതിക്ക് പിന്നാലെ പേരൂര്‍ക്കട എസ്ഐ പ്രസാദിനെ ആഭ്യന്തരവകുപ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എച്ച്ഒയെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്.
ഇക്കഴിഞ്ഞ ഏപ്രില്‍ 23-ാം തീയതിയാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിന്ദുവിന് പൊലീസ് സ്റ്റേഷനിൽ നിന്ന് അപമാനം നേരിടേണ്ടിവന്നത്. ബിന്ദു ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് സ്വര്‍ണമാല കാണാതെയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ ബിന്ദുവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. കടുത്ത ക്രൂരതയാണ് ബിന്ദു പാെലീസ് സ്റ്റേഷനിൽ നേരിട്ടത്.
വിവസ്ത്രയാക്കി പരിശോധന നടത്തിയെന്നും തന്നെ മർദ്ദിക്കാൻ ശ്രമിച്ചെന്നും ബിന്ദു പരാതിപ്പെട്ടു. സംഭവം വിവാദമായതിന് പിന്നാലെ എസ് ഐ പ്രസാദിനെയും എഎസ് ഐ പ്രസന്നനെയും സസ്പെൻഡ് ചെയ്യുകയായിരുന്നു.