എറണാകുളം: കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് അപകടത്തിൽപെട്ട കപ്പൽ കമ്പനിയുടെ എംഎസ്‌സിയുമായി ചർച്ച നടത്താൻ സർക്കാർ മൂന്ന് വിദഗ്‌ധ സമിതികൾ രൂപീകരിച്ചു. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവർ അദ്ധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ ഏഴംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. പരിസ്ഥിതി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാണ് പ്രിൻസിപ്പൽ ഇംപാക്ട് അസെസ്മെന്റ് ഓഫീസർ. കപ്പൽ കമ്പനിയുമായി ചർച്ച നടത്തുന്ന നോഡൽ ഓഫീസറും അദ്ദേഹമായിരിക്കും. നഷ്‌ടപരിപരിഹാരം ഉൾപ്പടെയുള്ള കാര്യങ്ങൾ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി ചർച്ച ചെയ്യും.
മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതി. ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ ഏഴംഗങ്ങളും ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയിൽ എട്ടംഗങ്ങളുമാണ് ഉള്ളത്.