പാലക്കാട്: കഞ്ചിക്കോട് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ദൗത്യം തുടരുന്നു. അള്ളാച്ചിക്കൊമ്പൻ എന്ന കാട്ടാനയെയാണ് കുങ്കിയാനയെ ഉൾപ്പെടെ ഉപയോഗിച്ച് തുരത്താൻ ശ്രമിക്കുന്നത് . ഇന്ന് രാവിലെ മുതൽ ദൗത്യം തുടരുന്നുണ്ടെങ്കിലും ആന പൂർണ്ണമായും ഉൾവനത്തിലേക്ക് പോയിട്ടില്ല.
കഴിഞ്ഞ രണ്ടാഴ്ചയായി പാലക്കാട് കഞ്ചിക്കോട്ടെ ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുകയാണ് അള്ളാച്ചിക്കൊമ്പൻ എന്ന കാട്ടാന . വ്യാപകമായി കൃഷിയും വീടുകളുടെ മതിലും ഉൾപ്പെടെ ആന തകർന്നു. പ്രദേശത്തെ സ്കൂൾ പരിസരത്ത് ഉൾപ്പെടെ ആന എത്തിയതോടെ ധോണിയിൽ നിന്നും അഗസ്റ്റിൻ എന്ന കുങ്കിയാനയെ എത്തിച്ച കാട്ടാനയെ കാടുകയറ്റാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്.
അതിനിടെ ഇന്നലെ അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ വയോധികൻ മരിച്ചു . ചീരക്കടവ് സ്വദേശി മല്ലൻ പശുവിനെ മേയ്‌ക്കാൻ പോയപ്പോൾ വനാതിർത്തിയോട് ചേർന്നാണ് ആക്രമണം ഉണ്ടായത് . ഉടൻ കോട്ടത്തറ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കൂടുതൽ വിദഗ് ചികിത്സയ്‌ക്ക് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ഇവിടെ വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് മല്ലൻ മരിച്ചത്. മല്ലന്റെ നെഞ്ചിനും വാരിയെല്ലിനുമാണ് കാട്ടാനയുടെ ആക്രമണത്തിൽ സാരമായി പരിക്കേറ്റത്.















