ജൂണ്‍ 1 മുതല്‍ സാമ്പത്തിക രംഗത്തും സമ്പാദ്യം, ക്രെഡിറ്റ് കാര്‍ഡ്, പ്രൊവിഡന്റ് ഫണ്ട് എന്നീ മേഖലകളിലുമെല്ലാം സുപ്രധാനമായ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. സാധാരണക്കാരെയും ബിസിനസുകാരെയെല്ലാം സ്വാധീനിക്കുന്ന മാറ്റങ്ങളാണ് വരുന്നത്. സുപ്രധാന മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം..
ഇപിഎഫ്ഒ 3.0; ഇനി കാര്യങ്ങള്‍ എളുപ്പമാകും
നവീകരിക്കപ്പെട്ടതും കൂടുതല്‍ ഉപയോക്തൃ സൗഹൃദവുമായ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) 3.0 സംവിധാനമാണ് ഏറ്റവും സുപ്രധാനമായ മാറ്റങ്ങളിലൊന്ന്. പ്രൊവിഡന്റ് ഫണ്ട് (പിഎഫ്) പിന്‍വലിക്കല്‍ പ്രക്രിയ ലളിതമാക്കാനും കെവൈസി അപ്‌ഡേറ്റുകള്‍ വേഗത്തിലാക്കാനും ഈ നവീകരണം ലക്ഷ്യമിടുന്നു. പുതിയ സംവിധാനം, ക്ലെയിം പ്രോസസ് ചെയ്യാനുള്ള സമയം ഗണ്യമായി കുറയ്‌ക്കും. എടിഎം കാര്‍ഡുകളുപയോഗിച്ച് ഇപിഎഫ് ഫണ്ടുകള്‍ പിന്‍വലിക്കാനുള്ള സൗകര്യവും പ്രതീക്ഷിക്കപ്പെടുന്നു. പിഎഫ് പിന്‍വലിക്കലും മറ്റും എളുപ്പമാകുന്നത് രാജ്യത്തെ കോടിക്കണക്കിന് ജീവനക്കാര്‍ക്ക് ആശ്വാസകരമാണ്.
ആദായനികുതി
ആദായ നികുതിദായകര്‍ 2025 ജൂണ്‍ 15നകം തങ്ങളുടെ ടാക്‌സ് ഡിഡക്റ്റ് അറ്റ് സോഴ്‌സ് (ടിഡിഎസ്) സര്‍ട്ടിഫിക്കറ്റുകള്‍, പ്രത്യേകിച്ച് ഫോം 16, ഫോം 16 എ എന്നിവ തൊഴിലുടമകളില്‍ നിന്ന് കൈപ്പറ്റണം. കൃത്യമായ നികുതി ഫയലിംഗിന് ഈ രേഖകള്‍ ആവശ്യമാണ്.
മ്യൂച്വല്‍ ഫണ്ടുകള്‍
ഓഹരി വിപണി നിയന്ത്രാതാവായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 2025 ജൂണ്‍ 1 മുതല്‍ ഓവര്‍നൈറ്റ് മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ക്കായി പുതിയ കട്ട്ഓഫ് സമയം നടപ്പാക്കുകയാണ്. ഓഫ്‌ലൈനായി ചെയ്യുന്ന ഇടപാടുകള്‍ക്ക് വൈകുന്നേരം മൂന്ന് മണിയും ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് രാത്രി 7 മണിയുമാണ് കട്ട്ഓഫ് സമയം. മ്യൂച്വല്‍ ഫണ്ടുകള്‍ കമ്പനികള്‍ വഴിയും മറ്റും ഓഫ്‌ലൈനായാണ് വാങ്ങുന്നതെങ്കില്‍ വൈകിട്ട് മൂന്ന് മണിക്ക് മുന്‍പ് നടത്തുന്ന നിക്ഷേപത്തിന് അതേ ദിവസത്തെ മൂല്യമാവും (നെറ്റ് അസറ്റ് വാല്യു -എന്‍എവി) ബാധകമാവുക. മൂന്ന് മണിക്ക് ശേഷമായാല്‍ തൊട്ടടുത്ത ദിവസത്തെ എന്‍എവി പ്രകാരമായിരിക്കും ഫണ്ട് ഷെയറുകള്‍ ലഭിക്കുക. ഓണ്‍ലൈനായാണ് വാങ്ങുന്നതെങ്കില്‍ രാത്രി 7 മണിക്ക് മുന്‍പ് വാങ്ങുന്ന ഫണ്ടുകള്‍ക്ക് അതേ ദിവസത്തെ എന്‍എവിയും 7 മണി കഴിഞ്ഞാല്‍ പിറ്റേ ദിവസത്തെ എന്‍എവിയുമായിരിക്കും ബാധകമാവുക.
ആധാര്‍
ആധാര്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സമയപരിധി 2025 ജൂണ്‍ 14 ആണ്. ഈ തിയതിക്ക് ശേഷം, ഓണ്‍ലൈന്‍ അപ്‌ഡേറ്റുകള്‍ക്ക് 25 രൂപയും ആധാര്‍ കേന്ദ്രങ്ങളിലെത്തി നടത്തുന്ന അപ്‌ഡേറ്റുകള്‍ക്ക് 50 രൂപയും ഈടാക്കും.
ബാങ്കിംഗ്
ജൂണ്‍ മാസത്തില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, കൊട്ടാക് മഹീന്ദ്ര ബാങ്ക് തുടങ്ങി വിവിധ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തില്‍ വിവിധ മാറ്റങ്ങള്‍ വരുത്തുകയാണ്. അതാത് ബാങ്കുകളുമായി ബന്ധപ്പെട്ടാല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കാര്‍ഡുകളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് അറിയാനാകും. ഇതോടൊപ്പം ഡെബിറ്റ് കാര്‍ഡുകളുടെ ഉപയോഗത്തിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ വിവിധ ബാങ്കുകള്‍ ജൂണ്‍ മാസം മുതല്‍ നടപ്പാക്കും. ഡെബിറ്റ് കാര്‍ഡുകളുടെ നിശ്ചിത പരിധിയിലും ഫീസിലും മറ്റുമാണ് മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്.















