ന്യൂഡെല്‍ഹി: അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ അടിസ്ഥാന ഇറക്കുമതി നികുതി പകുതിയായി കുറച്ച് കേന്ദ്ര സര്‍ക്കാര്‍. 10 ശതമാനം ഇറക്കുമതി നികുതിയാണ് ഇനി ക്രൂഡ് ഭക്ഷ്യ എണ്ണകള്‍ക്ക് ഈടാക്കുക. ഭക്ഷ്യ എണ്ണയുടെ വില കുറയ്‌ക്കാനും പ്രാദേശിക ശുദ്ധീകരണ വ്യവസായത്തെ സഹായിക്കാനുമാണ് തീരുമാനം. ലോകത്തിലെ ഏറ്റവും വലിയ സസ്യ എണ്ണ ഇറക്കുമതി രാഷ്‌ട്രമാണ് ഇന്ത്യ.
ക്രൂഡ് പാം ഓയില്‍, ക്രൂഡ് സോയ ഓയില്‍, ക്രൂഡ് സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ ഇറക്കുമതി തീരുവ 27.5 ശതമാനത്തില്‍ നിന്ന് 16.5 ശതമാനമായി കുറയും.
അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഡെവലപ്‌മെന്റ് സെസ്, സോഷ്യല്‍ വെല്‍ഫെയര്‍ സര്‍ചാര്‍ജ് എന്നിവയും ഈ ക്രൂഡ് എണ്ണകള്‍ക്ക് ബാധകമാണ്.
‘ഇത് സസ്യ എണ്ണ ശുദ്ധീകരണ ബിസിനസുകള്ഡക്കും ഉപഭോക്താക്കള്‍ക്കും നേട്ടമാണ്, കാരണം തീരുവ കുറച്ചതിനാല്‍ പ്രാദേശിക വിപണിയിലെ വില കുറയും,’ സോള്‍വെന്റ് എക്‌സ്ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബിവി മേത്ത പറഞ്ഞു.
അതേസമയം ശുദ്ധീകരിച്ച സസ്യ എണ്ണകളുടെ ഇറക്കുമതി തീരുവ കുറച്ചിട്ടില്ല. നിലവില്‍ 35.75 ശതമാനം ഇറക്കുമതി നികുതിയാണ് ശുദ്ധീകരിച്ച പാമോയില്‍, സോയ ഓയില്‍, സൂര്യകാന്തി എണ്ണ എന്നിവയ്‌ക്ക് ഈടാക്കുന്നത്.
ശുദ്ധീകരിച്ച എണ്ണകളും അസംസ്‌കൃത ഭക്ഷ്യ എണ്ണകളും തമ്മിലുള്ള ഇറക്കുമതി തീരുവ വ്യത്യാസം 19.25 ശതമാനമായി ഉയര്‍ന്നതിനാല്‍ ശുദ്ധീകരിച്ച എണ്ണകള്‍ക്ക് പകരം അസംസ്‌കൃത ഭക്ഷ്യ എണ്ണകള്‍ ഇറക്കുമതി ചെയ്യാനും പ്രാദേശിക ഭക്ഷ്യ എണ്ണ ശുദ്ധീകരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും ഇത് ഇറക്കുമതിക്കാരെ പ്രേരിപ്പിക്കുമെന്ന് മേത്ത പറഞ്ഞു.
ആവശ്യമായ സസ്യ എണ്ണയുടെ 70 ശതമാനത്തിലേറെയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് പാം ഓയില്‍ വാങ്ങുന്നു. അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.















