ഐപിഎല്ലിൽ മുംബൈ-പഞ്ചാബ് രണ്ടാം ക്വാളിഫയർ നടക്കാനിരുന്ന അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം മഴപ്പേടിയിൽ. ഞായറാഴ്ച തെളിഞ്ഞ കാലാവസ്ഥ പ്രവചിച്ചിരുന്ന അഹമ്മദാബാദിൽ അപ്രതീക്ഷിതമായി ചാറ്റൽമഴ പെയ്യുന്നുവെന്ന വാർത്തകൾ ആരാധകരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
ഞായറാഴ്ച രാത്രി 7.30നാണ് രണ്ടാം ക്വാളിഫയര്‍ പോരാട്ടം. പഞ്ചാബ് കിംഗ്സ് ആദ്യ കിരീടം ലക്ഷ്യമിടുമ്പോള്‍ ആറാം കിരിടത്തിലേക്ക് ഒരു ചുവടുകൂടി അടുക്കുകയാണ് മുംബൈയുടെ ലക്ഷ്യം. വെള്ളിയാഴ്ച നടന്ന എലിമിനേറ്റർ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 20 റൺസിന് പരാജയപ്പെടുത്തിയാണ് മുംബൈ ക്വാളിഫയർ രണ്ടിന് യോഗ്യത നേടിയത്. ആദ്യ ക്വാളിഫയറിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് തോൽവി വഴങ്ങിയാണ് പഞ്ചാബ് രണ്ടാം ക്വാളിഫയറിലെത്തുന്നത്.
എന്നാൽ രണ്ടാം ക്വാളിഫയറും മഴ കളിച്ചാൽ ആര് ഫൈനലിലേക്ക് യോഗ്യത നേടുമെന്ന ആശങ്കയിലാണ് ആരാധകർ. മത്സരത്തിന് റിസർവ് ദിനമില്ലെങ്കിലും പ്ലേ ഓഫ് മത്സരങ്ങൾ മഴ തടസപ്പെടുത്തിയാൽ മത്സരം തുടങ്ങാൻ ഒരു മണിക്കൂർ അധികസമയം ബിസിസിഐ അനുവദിച്ചിട്ടുണ്ട്. എന്നാൽ മഴമൂലം കളി പൂർണമായി മുടങ്ങിയാൽ പോയിന്റ് പട്ടികയിൽ മുന്നിലുള്ള ടീമായിരിക്കും ഫൈനലിന് യോഗ്യത നേടുക. അതായത് മഴ മൂലം മത്സരം ഉപേക്ഷിച്ചാൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് ഫൈനലിലേക്ക് മുന്നേറുകയും നാലാം സ്ഥാനത്തുള്ള മുംബൈ പുറത്താവുകയും ചെയ്യും.