മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറിന് വക്കീൽ നോട്ടീസയച്ച് പ്രശസ്ത ക്രിക്കറ്റ് ചരിത്രകാരനും എഴുത്തുകാരനും ടെലിവിഷൻ സെലിബ്രിറ്റിയുമായ ഡോ. നൗമാൻ നിയാസ്. നിയസിനെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ്. ഷോയിബ് തന്നെ “കിറ്റ് മാൻ” എന്ന് വിളിച്ച് അധിക്ഷേപിച്ചതായി നിയാസ് പറയുന്നു,
സർക്കാർ ഉടമസ്ഥതയിലുള്ള പാകിസ്ഥാൻ ടെലിവിഷൻ നെറ്റ്‌വർക്കിലെ മുൻ സ്‌പോർട്‌സ് ഡയറക്ടർ കൂടിയായ ഡോ. നിയാസ് തന്റെ അഭിഭാഷകൻ മുഖേനയാണ് നോട്ടീസ് അയച്ചത്. അടുത്തിടെ ഷോയിബ് അക്തർ ഒരു പോഡ്കാസ്റ്റിൽ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഷോയിബ് പാകിസ്ഥാൻ ടീമിനായി കളിക്കുമ്പോൾ രണ്ട് പര്യടനങ്ങളിൽ ഡോ. നിയാസ് പാകിസ്ഥാൻ ടീമിന്റെ ഡാറ്റാ അനലിസ്റ്റായി സേവനമനുഷ്ഠിച്ചിരുന്നു. പോഡ്കാസ്റ്റിൽ ടീമിലെ പരിശീലകരുടെയും മാനേജർമാരുടെയും പങ്കിനെ പരിഹസിച്ച ഷോയിബ് കളിക്കാരുടെ ബാഗ് ചുമക്കാൻ മാത്രമാണ നിയാസ് ടീമിലുണ്ടായിരുന്നതാണ് പറഞ്ഞു.
“ടീമിൽ അദ്ദേഹം ചെയ്തത് അതാണ്. അദ്ദേഹം ചെയ്ത മറ്റെന്തെങ്കിലും കാര്യത്തെക്കുറിച്ച് എനിക്കറിയില്ല,” ഷോയിബ് കൂട്ടിച്ചേർത്തു.
14 ദിവസത്തിനുള്ളിൽ നിരുപാധികം മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടിയും നഷ്ടപരിഹാരവും നേരിടേണ്ടിവരുമെന്നും നിയസിന്റെ വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















