ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജി മുഖ്യമന്ത്രിയായ ശേഷം പശ്ചിമ ബംഗാളിൽ നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടുവെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ. എന്നാൽ തൃണമൂൽ ഭരണം അവസാനിച്ചുവെന്നും 2026 ൽ പശ്ചിമ ബംഗാളിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
“വർഷങ്ങളോളം ബംഗാൾ കമ്മ്യൂണിസ്റ്റുകാരാണ് ഭരിച്ചിരുന്നത്. അതിനുശേഷം മാ, മാട്ടി, മാനുഷ് എന്ന മുദ്രാവാക്യവുമായി മമതാ ബാനർജി അധികാരത്തിലെത്തി. ബംഗാൾ എന്ന മഹത്തായ ഭൂമിയെ നുഴഞ്ഞുകയറ്റത്തിന്റെയും സ്ത്രീകൾക്കെതിരായ അതിക്രമത്തിന്റെയും ബോംബ് സ്ഫോടനങ്ങളുടെയും ഹിന്ദുക്കളോടുള്ള അധാർമ്മികതയുടെയും നാടാക്കി അവർ മാറ്റി. മമതാ ബാനർജി മുഖ്യമന്ത്രി ആയശേഷം നൂറുകണക്കിന് ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ടു,” കൊൽക്കത്തയിൽ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അമിത്ഷാ പറഞ്ഞു.
അക്രമങ്ങളില്ലാതെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹം ബംഗാൾ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു. തൃണമൂൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടാലുടൻ തങ്ങളുടെ പാർട്ടി പ്രവർത്തകരുടെ കൊലപാതകത്തിന് ഉത്തരവാദികളായവർ മണ്ണിനടിയിൽ ഒളിച്ചിരിക്കുകയാണെങ്കിൽ പോലും ശിക്ഷിക്കപ്പെടുമെന്നും അമിത് ഷാ ഉറപ്പുനൽകി.
മമതാ ബാനർജി വോട്ടുബാങ്കിനുവേണ്ടി പ്രീണനത്തിന്റെ എല്ലാ പരിഷികളും ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. അവർ ഓപ്പറേഷൻ സിന്ദൂറിന്റെ എതിർക്കുകയാണ് ചെയ്തത്. രാജ്യത്തെ കോടിക്കണക്കിന് സ്ത്രീകളുടെ വികാരമാണ് അവർ അവഗണിച്ചത്. പശ്ചിമ ബംഗാളിലെ സഹോദരിമാരും അമ്മമാരും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ മമതാ ബാനർജിയെ സിന്ദൂരത്തിന്റെ മൂല്യമെന്തെന്ന് പേടിപ്പിക്കാമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.















