പത്തനംതിട്ട: സ്കൂൾ പ്രവേശനത്തിന് കാത്തിരുന്ന നാലര വയസുകാരിക്ക് ഓടയിൽ വീണ് ദാരുണാന്ത്യം. കൊട്ടാരക്കര പള്ളിക്കൽ സ്വദേശികളായ അനീഷ്, രശ്മി ദമ്പതികളുടെ മകൾ അക്ഷികയാണ് മരിച്ചത്. കൊല്ലം പന്മന വടുതലയിലെ മാതൃവീടിന് സമീപം ഇന്നലെ വൈകിട്ടായിരുന്നു സംഭവം.
കഴിഞ്ഞ കുറച്ചു നാളുകളായി പന്മനയിലെ അമ്മയുടെ വീട്ടിലായിരുന്നു കുട്ടി. ഇന്നലെ വൈകുന്നേരം ഓടയിലേക്ക് ജലം ഒഴുകിവരുന്ന സ്ഥലത്ത് കളിക്കുന്നതിനിടെയായിരുന്നു അപകടം. കാൽ വഴുതി ഓടയിലേക്ക് വീഴുകയായിരുന്നു. 200 മീറ്ററോളം കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോയി. സംഭവം കണ്ട് പ്രദേശവാസികൾ ഓടിയെത്തി. കുഞ്ഞിനെ പുറത്തെടുത്ത് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്കൂൾ തുറക്കുന്നതിന് മുൻപായി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കുകയായിരുന്നു കുട്ടി. സംഭവം നടക്കുമ്പോൾ മകളുടെ സ്കൂൾ പ്രവേശനത്തിനുള്ള സാമഗ്രികൾ വാങ്ങാനായി മാതാപിതാക്കൾ കടയിൽ പോയിരിക്കുകയായിരുന്നു. കുഞ്ഞിന്റെ ദാരുണാന്ത്യം ഒരു നാടിനെയാകെ കണ്ണീരിലാഴ്‌ത്തിയിരിക്കുകയാണ്.















