ന്യൂഡൽഹി: പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപി സാമിക് ഭട്ടാചാര്യ. ഇന്ത്യ ആഗോള ആനുകൂല്യങ്ങൾ തേടുകയല്ല, മറിച്ച് വർദ്ധിച്ചുവരുന്ന ഭീകരവാദ ഭീഷണിയെക്കുറിച്ച് ശക്തമായ സന്ദേശം ലോക രാജ്യങ്ങൾക്ക് നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഭീകരർക്കെതിരെ നടത്തിയ ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ നിരവധി രാജ്യങ്ങളിലേക്ക് ബഹുകക്ഷി പാർലമെന്ററി പ്രതിനിധി സംഘങ്ങളെ അയയ്‌ക്കുന്നതിന്റെ ഭാഗമായി ലണ്ടനിലെത്തിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“ഭിക്ഷാപാത്രവുമായി ആരുടെയും വാതിൽക്കൽ ഞങ്ങൾ ഇല്ല… ഞങ്ങൾക്ക് സംഭവിക്കുന്നത് നാളെ നിങ്ങൾക്കും സംഭവിക്കുമെന്ന് എല്ലാവരെയും അറിയിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്” എന്ന് വാർത്താ ഏജൻസിയായ എഎൻഐ ഉദ്ധരിച്ച് ഒരു പരിപാടിയിൽ സംസാരിക്കവേ സാമിക് ഭട്ടാചാര്യ പറഞ്ഞു.
ഒരു ഭിക്ഷാ പാത്രവുമായി വരുന്ന പാകിസ്താനെയല്ല രാജ്യങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അവർ വ്യാപാരം, നിക്ഷേപം, നവീകരണം തുടങ്ങിയ മേഖലകളിൽ പാകിസ്താനെ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്നും കഴിഞ്ഞദിവസം ക്വറ്റയിലെ കമാൻഡ് ആൻഡ് സ്റ്റാഫ് കോളേജിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു, ഇതിനുപിന്നാലെയാണ് പാകിസ്താനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി എംപിയുടെ പരാമർശം.
ഏപ്രിൽ 22-ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തോടുള്ള സൈനിക പ്രതികരണമായ ഓപ്പറേഷൻ സിന്ദൂരിനുശേഷം ഇന്ത്യൻ സർക്കാർ ആരംഭിച്ച വിശാലമായ നയതന്ത്ര ഇടപെടലിന്റെ ഭാഗമാണ് ലണ്ടൻ സന്ദർശനവും. സംഘത്തിന് നേതൃത്വം നൽകുന്നത് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദാണ്. കൂടാതെ ഈ ഇന്ത്യൻ സംഘത്തിൽ ദഗ്ഗുബതി പുരന്ദേശ്വരി (ടിഡിപി), പ്രിയങ്ക ചതുർവേദി (ശിവസേന-യുബിടി), ഗുലാം അലി ഖതാന (ബിജെപി), ഡോ. അമർ സിംഗ് (കോൺഗ്രസ്), സാമിക് ഭട്ടാചാര്യ (ബിജെപി), മുൻ കേന്ദ്രമന്ത്രി എംജെ അക്ബർ, അംബാസഡർ പങ്കജ് സരൺ എന്നിങ്ങനെ വിവിധ പാർട്ടികളിൽ നിന്നുളള പാർലമെന്റ് അംഗങ്ങൾ ഉൾപ്പെടുന്നു. ഇറ്റലി, ഡെൻമാർക്ക് എന്നിവ സന്ദർശിച്ച ശേഷം ശനിയാഴ്ചയാണ് സംഘം ലണ്ടനിൽ എത്തിയത്.















