ബാംഗ്ലൂർ:കന്നഡ ഭാഷയെക്കുറിച്ചുള്ള നടൻ കമൽഹാസന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദത്തിൽ കന്നഡ നടൻ ശിവരാജ്കുമാർ ഒടുവിൽ മൗനം വെടിഞ്ഞു. കന്നഡ ഭാഷ തമിഴിൽ നിന്നാണ് ഉണ്ടായതെന്ന തമിഴ് നടൻ കമൽഹാസന്റെ പ്രസ്താവനയോട് താൻ യോജിക്കുന്നില്ലെന്ന് ശിവണ്ണ വ്യക്തമാക്കി.
കന്നഡയെ ഇകഴ്‌ത്തിക്കൊണ്ടുള്ള തമിഴ് നടൻ കമൽഹാസന്റെ പ്രസ്താവന വ്യാപകമായ വിവാദങ്ങൾക്ക് തിരികൊളുത്തിയതിനു ശേഷം ഇതാദ്യമാണ് നടൻ ശിവരാജ്കുമാർ മൗനം വെടിയുന്നത്. കമൽഹാസന്റെ പ്രസ്താവന പുറത്തു വന്നയുടനെ,ആ അഭിപ്രായത്തെ പിന്തുണച്ച് നടൻ ശിവരാജ്കുമാർ സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിനെതിരെ കന്നഡ സംഘടനകൾ ശക്തമായി പ്രതിഷേധിച്ചു. തുടർന്നാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്നലെ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അഭിമുഖത്തിൽ ശിവണ്ണ നിലപാട് വ്യക്തമാക്കിയത്.
“കന്നഡ ഭാഷയെക്കുറിച്ച് നടൻ കമൽഹാസൻ പറഞ്ഞത് ശരിയാണെന്ന് ഞാൻ പറയില്ല. ആ ചടങ്ങിൽ പങ്കെടുത്ത അവസരത്തിൽ കന്നഡ ഭാഷയെക്കുറിച്ച് അദ്ദേഹം എന്താണ് പറഞ്ഞതെന്ന് ഞാൻ ശരിക്ക് കേട്ടില്ല. എനിക്ക് കന്നഡ ഭാഷയോട് വലിയ ബഹുമാനവും ആദരവും ഉണ്ട്. എന്റെ അച്ഛന് കന്നഡ ഭാഷയോടുള്ള ഇഷ്ടം നിങ്ങൾക്ക് നന്നായി അറിയാം”.
“നടൻ കമൽഹാസൻ പ്രസംഗിച്ചപ്പോൾ ഞാൻ വേദിയിൽ ഇരുന്നു, പക്ഷേ അദ്ദേഹം പറഞ്ഞത് ഞാൻ ശരിക്ക് കേട്ടില്ല. കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസൻ പറഞ്ഞത് രണ്ടാമതും കേട്ടപ്പോഴാണ് എനിക്ക് മനസ്സിലായത്. അദ്ദേഹത്തിന്റെ അഭിപ്രായത്തോട് ഞാൻ വിയോജിക്കുന്നു”. ശിവ രാജ്‌കുമാർ പറഞ്ഞു.
“കന്നഡയാണ് എന്റെ ആദ്യ ഓപ്ഷൻ എന്നതിൽ സംശയമില്ല. എല്ലാ ഭാഷകളും പ്രധാനമാണ്, പക്ഷേ എനിക്ക് കന്നഡയാണ് ആദ്യം വേണ്ടത്. കന്നഡയ്‌ക്കുവേണ്ടി ഞാൻ എന്റെ ജീവൻ തന്നെ നൽകും. കർണാടകയുമായി ബന്ധപ്പെട്ട ഒരു പ്രശ്നം ഉണ്ടാകുമ്പോൾ, എപ്പോഴും ആദ്യം പ്രതികരിക്കുന്നത് ഞാനാണ്,” ശിവ രാജ്കുമാർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കന്നഡ ഭാഷയെ അപമാനിച്ചുവെന്ന് ആരോപിച്ച് നടൻ കമൽഹാസനെതിരെ കഴിഞ്ഞ ദിവസങ്ങളായി കർണാടകയിൽ തുടർച്ചയായ പ്രതിഷേധങ്ങൾ നടന്നുവരികയാണ്. നടൻ കമൽഹാസൻ അഭിനയിച്ച ‘തഗ് ലൈഫ്’ എന്ന ചിത്രം 5-ാം തീയതി കർണാടകയിൽ റിലീസ് ചെയ്യില്ലെന്ന് കർണാടക സിനിമാ ചേംബർ ഓഫ് കൊമേഴ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു.















